മലയാളിക്ക് അര്‍ജുന്‍ ആരായിരുന്നു എന്ന ചോദ്യത്തിന് ഇതിലും നല്ലൊരു മറുപടി ഇനിയുണ്ടാവില്ല. അര്‍ജുന്റെ നാട്ടുകാരനല്ല, പക്ഷേ അവനിന്ന് ഈ കുടുംബത്തിന് കൂടെപ്പിറപ്പാണ്. കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ഒരു ലോറി ഡ്രൈവറെ കാണാതായി എന്ന വാര്‍ത്തയാണ് ആദ്യം കേട്ടത്. പിന്നാലെ അവന്‍ കോഴിക്കോട്ടുകാരനായി, നാട്ടുകാരനായി, അയല്‍ക്കാരനായി, ഇന്ന് കൂടെപ്പിറപ്പിനെ നഷ്ടപ്പെട്ട വേദനയില്‍ തകര്‍ന്നുനില്‍ക്കുകയാണ് ഈ കുടുംബവും.
അര്‍ജുനെ കാണാതായ അന്നുമുതല്‍ ഉമ്മയോടൊപ്പം ഈ മകനും ഭാര്യയും കുഞ്ഞുങ്ങളും ഒരേ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു അവന്‍റെ തിരിച്ചുവരവ് കാണാന്‍. മഴക്കാലമായതിനാല്‍ ഇടക്കിടെ വരുന്ന വൈദ്യുതിമുടക്കം ആ കുടുംബത്തിന് ആദ്യമായി ബുദ്ധിമുട്ടായി മാറി. ജീവനോടെ പ്രിയപ്പെട്ടവന്‍ താനിവിടെയുണ്ട് എന്നുംപറഞ്ഞ്, തിരിച്ചുവരുന്ന നേരം വൈദ്യുതിയില്ലെങ്കില്‍ ആ വാര്‍ത്ത കാണാനാവില്ലല്ലോ.. ഒട്ടും അമാന്തിക്കാതെ ഉമ്മ കയ്യിലെ മോതിരം ഊരിക്കൊടുത്തു, മകന്‍ അത് കൊണ്ടുപോയി വിറ്റ് 28,000 രൂപയ്ക്ക് ഒരു ഇന്‍വെര്‍ട്ടര്‍ വാങ്ങിവച്ചു. നിലയ്ക്കാതെ ടെലിവിഷനും വാര്‍ത്തയും. അര്‍ജുന്‍ എന്ന വാക്കിനായി കാതോര്‍ത്തിരുന്നു. പക്ഷേ ആ പ്രാര്‍ത്ഥന വിഫലമായി. കൂടെപ്പിറപ്പിന്റെ തിരിച്ചുവരവ് ചങ്കുപൊട്ടുന്ന കാഴ്ചയായി. Also Read: കണ്ണുംനട്ട് കണ്ണാടിക്കല്‍
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി അര്‍ജുന്റെ വീട്ടിലെത്തുന്നുണ്ട് ഈ കുടുംബം. ഉറക്കമെണീറ്റ കുഞ്ഞുങ്ങള്‍ ആദ്യം ചോദിക്കുന്നത് അര്‍ജുന്‍ ചേട്ടനെത്തിയോ എന്നാണ്. ഇതാണ് ഈ നാടിന്െ സ്നേഹം. ജീവനോടെ കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല, പക്ഷേ തുണിയില്‍ പൊതിഞ്ഞെത്തുന്ന പ്രിയപ്പെട്ടവനെ ഒന്നുകാണാന്‍ കാത്തിരിക്കുകയാണ് മറ്റെല്ലാവര്‍ക്കുമൊപ്പം ഈ കുടുംബവും.
ഇന്നേവരെ നേരിടാത്ത മാനസികപ്രയാസമാണ് അര്‍ജുന്റെ വാര്‍ത്ത കേട്ടശേഷമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. കണ്ണാടിക്കല്‍ നാടിന്റെ ജനകീയ പ്രശ്നങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്ത ചെറുപ്പക്കാരനായിരുന്നു അര്‍ജുന്‍. കേരളത്തിന്െ മനസ് മുഴുവന്‍ ആ കുടുംബത്തോടൊപ്പം നിന്നത് ഒറ്റമനസോടെ, ഒരേഒരു ചിന്തയോടെയായിരുന്നു. വളരെ വൈകാരികമായാണ് ആ നാട് പ്രതികരിക്കുന്നത്. എല്ലാവര്‍ക്കും പ്രിയപ്പെട്ട മോനാണെന്ന് കണ്ണാടിക്കലിലെ ഒരമ്മ പറയുന്നു. കുഞ്ഞുപ്രായം മുതലേ അര്‍ജുനെ അറിയാവുന്ന അമ്മമാരും അയല്‍ക്കാരും കുഞ്ഞുങ്ങളും എല്ലാം വേദനയിലാണ്.
ജൂലൈ 16നാണ് ദേശീയപാത 66ല്‍ ഷിരൂരില്‍ ദുരന്തം സംഭവിച്ചത്. അന്നുമുതല്‍ അര്‍ജുനായുള്ള തേടലാണ് കണ്ടത്. ഇന്നലെ ഡിഎന്‍എ പരിശോധനക്കു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയത്. അഴിയൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ആണ് മൃതദേഹം ഏറ്റുവാങ്ങിയത്.
വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. പുലര്‍ച്ചെ ഒന്നരയോടെയാണ് മൃതദേഹം തലപ്പാടിയില്‍ എത്തിച്ചത്. കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. കേരള, കര്‍ണാടക പൊലീസ് സംഘവും വിലാപയാത്രയ്ക്കൊപ്പമുണ്ട്.