സംവിധായകന്‍ ബാലചന്ദ്രമേനോന്‍റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയാണ് അന്വേഷണം. ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്. ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന് നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരുന്നു.
ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. ഈ മാസം പതിമൂന്നിനാണ് അഭിഭാഷകന്‍ സംഗീത് ലൂയിസ് എന്ന് പരിചയപ്പെടുത്തിയയാള്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. അടുത്ത ദിവസം മൂന്ന് ലൈംഗിക ആരോപണങ്ങള്‍ വരുമെന്നായിരുന്നു ഭീഷണി.
പിന്നീട് പലഘട്ടങ്ങളില്‍ അജ്ഞാത നമ്പറുകളില്‍ നിന്ന ഫോണ്‍കോളുകളെത്തിയെങ്കിലും പ്രതികരിച്ചില്ല. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ചെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ വ്യക്തമായി. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്‍റെ ഇരയാണ് താനെന്നും അന്വേഷണം വേണമെന്നുമാണ് ബാലചന്ദ്രമേനോന്‍റെ ആവശ്യം.