എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണവും പ്രഹസനമാകുന്നു. നിലവിലെ അന്വേഷണം ഒരടി മുന്നോട്ടു പോകാതെ, പ്രാഥമിക പരിശോധന തിടുക്കത്തില്‍ വേണ്ടെന്നാണ് തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയില്‍ നിന്നും വിവരങ്ങള്‍ തേടുന്നതിലും അന്വേഷണസംഘത്തിനു അവ്യക്തതയുണ്ട്. അന്വേഷണാനുമതി സര്‍ക്കാര്‍ വിജിലന്‍സിനു കൈമാറിയതിനുശേഷം ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതല്ലാതെ മറ്റു നടപടികളിലേക്ക് ഇതുവരെയും കടന്നില്ല. ആരോപണങ്ങളിലെ പരിശോധനയില്‍ എവിടെ തുടങ്ങണമെന്നതില്‍ പോലും തീരുമാനമായില്ല.
വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിലെ എസ്.പി കെ.എല്‍. ജോണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിലുള്ള എം.ആര്‍.അജിത് കുമാറിനെതിരെയുള്ള അന്വേഷണത്തിനായി നിയോഗിച്ചത് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ്. പൊലീസിലെ ഏറ്റവും ഉയര്‍ന്ന ശ്രണിയിലുള്ള ഉദ്യോഗസ്ഥനില്‍ നിന്നും എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എങ്ങനെ വിവരം തേടുമെന്നതും അന്നേ ചര്‍ച്ചാവിഷയമായിരുന്നു. ഡി.വൈ.എസ്.പിയും സി.ഐയുമാണ് എസ്.പിക്കു പുറമേ അന്വേഷണ സംഘത്തിലുള്ളത്.
അനധികൃത സ്വത്ത് സമ്പാദനം, കോടികള്‍ ചെലവഴിച്ച് വീട് നിര്‍മാണം,കള്ളക്കടത്ത് സ്വര്‍ണം പിടിയ്ക്കുന്നതിലെ തട്ടിപ്പ്, കേസ് ഒതുക്കിയതിനു വന്‍ തുക കൈക്കൂലി കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം. ആറുമാസം അന്വേഷണ സമയമുള്ളതിനാല്‍ തിടുക്കത്തില്‍ തീരുാമനമോ നടപടിയോ വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. സാധാരണ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താറുണ്ട്. ഇവിടെ അജിത് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയില്ല. പരിശോധനയില്‍ തെളിവു കണ്ടെത്തിയാല്‍ സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്താന്‍ അജിത് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താന്‍ വിജിലന്‍സിനു ആവശ്യപ്പെടാം. എന്നാല്‍ അത്ര റിസ്ക് എടുത്തുള്ള അന്വേഷണത്തിലേക്കും ശുപാര്‍ശയിലേക്കും വിജിലന്‍സ് പോകുമോയെന്നാണ് അറിയേണ്ടത്. നിലവില്‍ അജിത് കുമാറിനെതിരെ നടക്കുന്ന മറ്റൊരു അന്വേഷണം പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ്.