വയനാട് മാനന്തവാടിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാന്‍ നിര്‍ദേശം നല്‍കി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കടുവ ആക്രമിച്ചത് വനത്തിനുള്ളില്‍ വച്ചാണോ അല്ലയോ എന്നത് നോക്കുന്നില്ലെന്നും ജീവനോടെയോ അല്ലാതെയോ കടുവയെ പിടികൂടണമെന്നും മന്ത്രി പറഞ്ഞു.
കാപ്പിക്കുരു പറിക്കുന്നതിനായി പ്രിയദര്‍ശിനി എസ്റ്റേറ്റിനോട് ചേര്‍ന്ന വനപ്രദേശത്തേക്ക് പോയ പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ്. കാപ്പിക്കുരു പറിക്കാന്‍ പോയ രാധയെ കുറച്ച് ദൂരം ഭര്‍ത്താവ് കൊണ്ടുവിട്ടുവെന്നും പിന്നീട് ഇവര്‍ തനിച്ച് പോവുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വനത്തില്‍ കയറിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് തല വേര്‍പെട്ട നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ചുമന്ന് പുറത്തെത്തിച്ചു.
രാധയെ ആക്രമിച്ച് കൊന്ന കടുവ കാടുകയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രതവേണമെന്നും വനംവകുപ്പ് അറിയിച്ചു. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ വനത്തോട് ചേര്‍ന്ന പ്രദേശത്ത് പതിവായി കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വന്‍പ്രതിഷേധമുയര്‍ത്തിയ നാട്ടുകാര്‍ മന്ത്രി ഒ.ആര്‍.കേളുവിനെ തടഞ്ഞു. ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന്‍റെ പ്രതികരണം. അതേസമയം, സംസ്ഥാനത്തിന് മാത്രമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇതെന്നാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്.