റവന്യൂവകുപ്പിന്‍റെ അന്ത്യശാസനത്തിന് എന്തുവില? നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ റവന്യൂവകുപ്പ് ഉത്തരവിട്ട വയനാട് ചേകാടിയിലെ കുതിര ഫാമില്‍ നിര്‍മാണം തകൃതി. സമീപത്തെ ആദിവാസി കുടുംബങ്ങളുടെ വഴിയും വെള്ളവും മുടക്കിയുള്ള ഫാം നിര്‍മാണത്തിന് വില്ലേജ് ഓഫിസര്‍ നേരിട്ടെത്തിയാണ് സ്റ്റോപ് മെമ്മോ നൽകിയത്. എന്നാല്‍ അതൊന്നും ഗൗനിക്കാതെയാണ് നിയമ ലംഘനം തുടരുന്നത്.

അനധികൃത കുതിര ഫാം നിർമാണത്തെ പറ്റി മനോരമ ന്യൂസ് വാർത്ത നല്‍കിയതിന് പിന്നാലെയാണ് പുൽപ്പള്ളി വില്ലേജ് ഓഫിസർ സ്ഥലത്തെത്തി നടപടിയെടുത്തത്. ഉടൻ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തിവെക്കണമെന്നും വയൽ പൂർവസ്ഥിതിയിൽ ആക്കണമെന്നുമായിരുന്നു നിർദ്ദേശം. 

സ്റ്റഡ് ഫാമിന് പിന്‍വശത്ത് എണ്‍പതോളം ആദിവാസി കുടുംബങ്ങളുണ്ട്. ഫാം തുടങ്ങിയതോടെ ഇവരുടെ ദുരിതവും തുടങ്ങി. സ്ഥിരമായി സഞ്ചരിച്ച പാതയിലൂടെ ഇനി നടക്കരുതെന്നാണ് ഫാമിലെ ജീവനക്കാർ അറിയിച്ചത്. ഇതോടെ ദൈനംദിന ജീവിതം താറുമാറായി.  

കാലങ്ങളായി ആശ്രയിച്ചിരുന്ന തോടും ഫാമുടമകൾ കയ്യടക്കിയതോടെ വെള്ളത്തിനായി ഒരുപാട് ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയായി. ഊരുകാരുടെ കൃഷി ഭൂമിയും നാശത്തിന്‍റെ വക്കിലാണ്. ഇതോടെ നാടും ജീവിതവും തകർത്തുള്ള അധികൃത നിർമാണത്തിനെതിരെ ഊരിലുള്ളവരും കടുത്ത പ്രതിഷേധത്തിലാണ്. ഫാമിനെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

ENGLISH SUMMARY:

Illegal horse farm under constructiuon in Wayanad Chekadi makes peoples lives more miserable. Tribal people who denied road and water because of the illegal construction.