റഷ്യ യുക്രെയ്ന്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട തൃശൂർ കല്ലൂര്‍ നായരങ്ങാടി സ്വദേശി സന്ദീപ് ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. പുലര്‍ച്ചെ 2 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യ യുക്രെയ്ന്‍ യുദ്ധത്തിനിടെ സന്ദീപ് കൊല്ലപ്പെട്ടത്. റഷ്യന്‍ മലയാളികളുടെ വാട്സ്ആപ്പ് ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് സന്ദീപിന്‍റെ വിയോഗം വീട്ടുകാര്‍ അറിഞ്ഞത്. സന്ദീപിനെ നിര്‍ബന്ധിതമായി കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സന്ദീപിനെ പോലെ യുദ്ധമുഖത്ത് പെട്ടു പോയവർ ഒരുപാടുണ്ട്. യുദ്ധമുഖത്ത് നിന്നും ഓടിയെത്തിയവരുമുണ്ട്. ഭീതിയോടെയാണ് അവർ ആ നാളുകൾ ഓർക്കുന്നത്.കേന്ദ്ര ഏജൻസികൾ ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുത്തിട്ടുണ്ട്.