തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രിയിൽ നാലുമണിക്കൂർ വൈദ്യുതി മുടങ്ങിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തും. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും. അതേസമയം വൈദ്യുതിമുടക്കത്തില്‍ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ആശുപത്രിയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്.

എസ്‌.എ.ടി ആശുപത്രിയിൽ കെഎസ്ഇബി ജോലി നടക്കുന്നത് നേരത്തെ അറിയിച്ചിരുന്നതായി രാത്രി വൈകി സ്ഥലം സന്ദർശിച്ച ശേഷം ആരോഗ്യ മന്ത്രി തന്നെ വ്യക്തമാക്കി. എന്നാൽ വൈദ്യുതി പ്രശ്നത്തിൽ ബദൽ ക്രമീകരണം ഒരുക്കിയിരുന്നു എന്നാണ് മന്ത്രിയുടെ വാദം. ആരുടെയെങ്കിലും ഭാഗത്ത്  വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. 

അതേസമയം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അത്യാഹിത വിഭാഗത്തിൽ മൊബൈൽ വെളിച്ചത്തിലാണ് ഇന്നലെ രാത്രി പരിശോധനകൾ നടന്നത്. വൈദ്യുതി പുനസ്ഥാപിക്കാൻ വൈകിയതോടെ രോഗികളുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരുടെ ഭാഗത്ത് നിന്ന് മറുപടി വൈകിയതോടെ പ്രതിഷേധം വൈകാരികമായി. 

തൊട്ട് പിന്നാലെ കോൺഗ്രസും ബിജെപിയും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി കൂട്ടിയതെന്നാണ് ആശുപതി സുപ്രണ്ട് വ്യക്തമാക്കിയത്. രണ്ട് ദിവസമായി ആശുപത്രിയിൽ വൈദ്യുതി തകരാർ ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി ജനറേറ്റർ എത്തിക്കുകയും ചെയ്‌തു. എന്നാൽ ഈ ജനറേറ്ററും തകരാറിൽ ആയതാണ് പ്രതിസന്ധിക്ക് കാരണമായത്. പ്രതിഷേധത്തിന് ഒടുവിൽ മറ്റൊരു ജനറേറ്റർ എത്തിച്ച് താൽക്കാലിക പരിഹാരം ഒരുക്കി വൈദ്യുതി പുനസ്ഥാപിക്കുകയാണ് ഉണ്ടായത്. 

ENGLISH SUMMARY:

The Health Minister has announced an investigation into the four-hour power cut at the SAT Hospital