mundakai-landslide

മുണ്ടക്കൈയെയും ചൂരൽമലയെയും അടർത്തിയെടുത്ത ഉരുൾപൊട്ടൽ മഹാദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് രണ്ടുമാസം തികഞ്ഞു. വാടക വീടുകളിൽ തുടരുന്ന ദുരന്തബാധിതർ പതിയെ അതിജീവിച്ചുവരികയാണ്. പുനരധിവാസം വേഗത്തിലാക്കി പഴയ നാട് പുനർനിർമിക്കപ്പെടുന്നത് കാത്തുനിൽക്കുകയാണ് ദുരന്തബാധിതർ.

നടുക്കം മാറാത്ത ദുരന്തത്തിന്‍റെ അറുപതാം നാൾ. മൂന്നു നാടാകെ മണ്ണിനടിയിലായ ദുരന്തത്തിൽ ഇനിയും ഔദ്യോഗിക കണക്കു പ്രകാരം കണ്ടെത്താനുണ്ട് 47 പേരെ. ഒടുവിലത്തെ സർക്കാർ കണക്ക് പ്രകാരം മരണനിരക്ക് 231. ഔദ്യോഗികമായി തിരച്ചിൽ അവസാനിച്ചിട്ടില്ലെങ്കിലും നിലവിൽ കാര്യമായ ചലനമില്ല. തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

മൂന്നു വാർഡുകളിലുണ്ടായിരുന്ന മനുഷ്യർ ഇന്ന് 18 പഞ്ചായത്തുകളിലായി 890 വാടക വീടുകളിൽ കഴിയുന്നുണ്ട്. സാമ്പത്തിക സഹായവും വാടകയിനത്തിലേക്ക് പ്രഖ്യാപിച്ച തുകയും ലഭിക്കാത്തവരുണ്ട്. പരാതി പറയാതെ പരിഭവമില്ലാതെ എല്ലാവരും അതിജീവനത്തിലേക്കുള്ള പ്രയാണത്തിലാണ്.

 

രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴും പൂർണ പുനരധിവാസ ചർച്ചകൾ നടക്കുന്നേയുള്ളൂ. പുനരധിവാസത്തിന് ഭൂമി കണ്ടെത്തിയത് കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടി നെടുമ്പാലയിലെ എച്ച്.എം.എൽ എസ്റ്റേറ്റും. അനുയോജ്യ സ്ഥലമാണെങ്കിലും ഏറ്റെടുക്കൽ സങ്കീർണമാവുകയാണ്. നടപടി ഉടൻ ആരംഭിക്കുമെന്നാണ് സർക്കാർ ഉറപ്പെങ്കിലും ഓരോരുത്തര്‍ക്കും ആശങ്കയുണ്ട്.

ENGLISH SUMMARY:

It has been two months since the Mundakai landslide disaster