കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക അധ്യാപകരെ നിമിക്കാനുള്ള സമിതി അധ്യക്ഷസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ നേതാവാണോ മുതിര്‍ന്ന അധ്യാപികയാണോ വരേണ്ടത്? വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ച ഇടത്പക്ഷ സഹയാത്രികയായ പ്രഫസറെ തള്ളി സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഡോ.ഷിജുഖാനെ നിയമിച്ചു. വിവാദ തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ കോണ്‍ഗ്രസ് , ബിജെപി അംഗങ്ങള്‍ മൗനം പാലിച്ചതോടെ എല്ലാവരും ഒത്തുകളിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കേരള സര്‍വകലാശാലയില്‍ ഇപ്പോള്‍ സിന്‍ഡിക്കേറ്റ് ഭരണമാണ്. വൈസ്ചാന്‍സലറോ റജിസ്ട്രാറോ യുജിസി, സര്‍വകലാശാല നിയമങ്ങളെ കുറിച്ചു പറഞ്ഞാല്‍ സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ പൊട്ടിത്തെറിക്കും, ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ മൗനത്തിലേക്കു പോകും. പുതിയ നാലുവര്‍ഷ ബിരുദ കോഴ്സിനായി താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനുള്ള തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് യോഗമാണ് വേദി.
Also Read: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സിംഹവാലന്‍ കുരങ്ങന്‍റെ വിളയാട്ടം
തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷയായി പത്തുവര്‍ഷത്തിലേറെയായി പ്രഫസര്‍ സ്ഥാനം വഹിക്കുന്ന അധ്യാപികയുടെ പേര് വൈസ് ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്തു. അധ്യാപിക ഇടത് സഹയാത്രികയും സിന്‍ഡിക്കേറ്റ് അംഗവും എസ്.സി–എസ്.ടി വിഭാഗത്തില്‍വരുന്ന വ്യക്തിയുമാണ്. യുജിസി ചട്ടം അനുസരിച്ച് അധ്യാപക നിയമന സമിതി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ഇവര്‍ക്ക് എല്ലാ യോഗ്യതയുമുണ്ടെന്നായിരുന്നു വിസിയുടെ വാദം. പക്ഷെ സഹയാത്രികയെ തള്ളി ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.ഷിജുഖാനെ നിയമിക്കാണമെന്ന് ഇടത് അംഗങ്ങള്‍ വാശി പിടിച്ചു.
കോണ്‍ഗ്രസ്– ബിജെപി അംഗങ്ങള്‍ എതിര്‍ത്തൊരക്ഷരം മിണ്ടിയുമില്ല. മാസം തോറും 40000 രൂപ പ്രതിഫലം നല്‍കുന്ന താല്‍ക്കാലിക അധ്യാപക നിയമനം എല്ലാവരും ചേര്‍ന്ന് വീതിച്ചെടുക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. നിയമനങ്ങളെ കുറിച്ച് പരാതി വന്നാല്‍ എല്ലാ നിയമനങ്ങളും റദ്ദാക്കുമെന്ന് വിസി ഭീഷണി മുഴക്കിയിരിക്കുകയാണ്.