arikomban-elephant

TOPICS COVERED

ഇടുക്കി ചിന്നക്കനാലില്‍ നിരന്തരം ഭീതി വിതച്ചതിനെത്തുടര്‍ന്ന് കാട് കടത്തിയ അരിക്കൊമ്പനിപ്പോള്‍ മര്യാദക്കാരനായെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന്‍ മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ്വില്‍ മേഞ്ഞു നടക്കുന്ന ചിത്രം  ഡപ്യൂട്ടി ഡയറക്ടര്‍ ഇളയരാജ  സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. റേഷന്‍കട തകര്‍ത്ത് അരി തിന്നുന്നത് പതിവാക്കിയതോടെയാണ് ഒറ്റയാനെ ചിന്നക്കനാലുകാര്‍ അരിക്കൊമ്പനെന്ന് വിളിച്ചത്.  

എന്നാലിപ്പോള്‍ അരി പാടെ മറന്ന് പുല്ലും ഇലകളും കഴിച്ച് അരിക്കൊമ്പന്‍ ആരോഗ്യത്തോടെ കഴിയുകയാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. 2005 ന് ശേഷം കാട്ടാന ആക്രമണങ്ങളില്‍ 34 പേരാണ് ചിന്നക്കനാലില്‍ മരിച്ചത് ഇതില്‍ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മേഖലയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണമുണ്ടായി. ഒടുവില്‍ സഹികെട്ട ചിന്നക്കനാലുകാര്‍ പ്രതിഷേധവുമായിറങ്ങി. പ്രതിഷേധം ശക്തമായതോടെയാണ് ആനയെ കാട് കടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മൃഗസ്നേഹികളുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ കേരളം കണ്ട് ശീലിച്ചിട്ടില്ലാത്തൊരു ദൗത്യവുമായി വനംവകുപ്പിന്റെ പ്രത്യേക സംഘം ചിന്നക്കനാലിലെത്തി. മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം 2023 ഏപ്രില്‍ 29 ന് പകല്‍ 12 മണിയോടെ അരിക്കൊമ്പന് ആദ്യ മയക്കുവെടി വെച്ചു. അഞ്ച് തവണ മയക്കുവെടി വെച്ചതിന് ശേഷമാണ് റേഡിയോ കോളര്‍ ഘടിപ്പിക്കാനായത്. 

arikomban-elephant1

അനിമല്‍ ആംബുലന്‍സില്‍ രാത്രി 12 മണിയോടെ കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ചു. അരിക്കൊമ്പനുമായുള്ള ആ യാത്ര കാണാന്‍ നിരവധിപ്പേര്‍ വഴിനീളെ തടിച്ചുകൂടി. എന്നാല്‍ വനംവകുപ്പിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൊമ്പന്‍ തമിഴ്നാട് കമ്പം ടൗണില്‍ ഭീതി വിതച്ചു. ഇതോടെ രണ്ട് തവണ മയക്കുവെടിവെച്ച് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തിലേക്ക് മാറ്റി. കമ്പം ടൗണില്‍ അരിക്കൊമ്പന്‍ തട്ടിയിട്ട ബൈക്ക് യാത്രികന്‍ പാല്‍രാജ് ചികില്‍സയിലിരിക്കെ മരിച്ചു. അരിക്കൊമ്പനെ തുരത്തിയിട്ടും ചിന്നക്കനാലിലെ കാട്ടാന ഭീതി ഇപ്പോഴും തുടരുകയാണ്.  എന്നാല്‍ മറ്റാര്‍ക്കും ശല്യമാകതെ പുതിയ വനവുമായി അരിക്കൊമ്പന്‍ ഇണങ്ങിയതില്‍ സന്തോഷമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

The Tamil Nadu Forest Department said that elephant arikomban is very decent now: