തനിക്കെതിരെ കേസെടുത്തതില്‍ സങ്കടമുണ്ടെങ്കിലും അര്‍ജന്‍റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് ലോറി ഉടമ മനാഫ്. അവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നും ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കെതിരെ എന്താണ് പരാതിയെന്നും അറിയില്ല. ഈ നിമിഷം വരെ ആ കുടുംബത്തിനു അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ യൂ ട്യൂബ് ചാനല്‍ എല്ലാവര്‍ക്കും ലഭ്യമാണല്ലോ. അതില്‍ എന്താണ് അവര്‍ക്കെതിരെ പറഞ്ഞിട്ടുള്ളതെന്നും മനാഫ് മാധ്യമങ്ങളോടു പറഞ്ഞു. അര്‍ജുന്‍റെ സഹോദരി അഞ്ജുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു മനാഫ്. 

മനാഫിനെതിരെ കേസ്

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ സഹോദരി അഞ്ജുവിന്‍റെ പരാതിയില്‍ ലോറി ഉടമ മനാഫിനെതിരെ കേസ്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്‍റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്തെന്ന് എഫ്ഐആറില്‍ പറയുന്നു. 

Read Also: സമൂഹത്തില്‍ ചേരിതിരിവിനു ശ്രമം; അര്‍ജുന്‍റെ സഹോദരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസ്

അതേസമയം, അര്‍ജുനെ കണ്ടെത്തിയതിന് ശേഷം യുട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ലെന്ന് മനാഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. 10,000 സബ്സ്ക്രൈബേഴ്സ് ആയിരുന്നത് രണ്ടരലക്ഷമായി. ഇനി ഉപയോഗിക്കേണ്ടെന്ന് കരുതിയ യുട്യൂബ് ചാനല്‍ ഇനി തുടരുമെന്നും മനാഫ് പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചാണ് മനാഫ് കാര്യങ്ങള്‍ വിശദീകരിച്ചത്. മനാഫ് പറഞ്ഞത്: യൂട്യൂബ് ചാനലില്‍ അവര്‍ക്കുണ്ടായ ബുദ്ധിമുട്ട് അര്‍ജുന്‍റെ ഫോട്ടോ വച്ചു എന്നുള്ളതാണ്. അ‍ത് ഞാന്‍ മാറ്റി. അക്കാര്യം ഇനി പറയേണ്ട ആവശ്യമില്ല. അര്‍ജുന്‍റെ വിഷയം ഇത്ര വലിയ നിലയില്‍ കൊണ്ടുവന്നതും ജനശ്രദ്ധയിലേക്ക് എത്തിച്ചതും മാധ്യമപ്രവര്‍ത്തകരാണ്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും അര്‍ജുനെ തിരികെ വീട്ടിലെത്തിക്കാന്‍ കഴിയുമായിരുന്നില്ല. 

മനാഫ് ചെയ്തതിനേക്കാള്‍ ജോലി ചെയ്തത് മാധ്യമപ്രവര്‍ത്തകരാണ്. അവരില്‍ ഓരോരുത്തരെയും എനിക്കറിയാം. എത്രമാത്രം അവര്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അറിയാം. ഞാന്‍ പോലും ഒരു ഘട്ടത്തില്‍ വിചാരിച്ചു, ഞാന്‍ നിലകൊള്ളുന്നത് എന്‍റെ ജോലിക്കാരനുവേണ്ടിയാണ്. ഈ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതി അതല്ല. അവരില്‍ പലരുടെയും ആരോഗ്യസ്ഥിതി അത്ര മോശമായിരുന്നു.

മൂന്നുഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിന്നുപോയിരുന്നു. ഈ ഘട്ടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇല്ലാത്ത സമയത്ത് അവര്‍ തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍. എന്തെങ്കിലും പുതിയ വിവരം വന്നാല്‍ അപ്ഡേറ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. ഞാന്‍ പലപ്പോഴും അവിടെ ഏകനായിരുന്നു. എനിക്ക് ജനങ്ങളോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ അതില്‍ ഇടാം എന്നൊരു തോന്നലും ഉണ്ടായിരുന്നു. ഞാന്‍ ഒറ്റയ്ക്കാണ്, അപ്പോള്‍ എനിക്ക് ഒരു യൂട്യൂബ് ചാനലുണ്ടെങ്കില്‍ ഒരു സുരക്ഷിത ബോധം ഉണ്ടാകും എന്നൊരു തോന്നലും വന്നു. എന്തെങ്കിലും സംഭവിച്ചാല്‍പെട്ടെന്ന് അറിയിക്കാമല്ലോ.– മനാഫ് വിശദീകരിച്ചു

ENGLISH SUMMARY:

police register case against lorry owner Manaf