adgp

എ.ഡി.ജി.പി M.R.അജിത്കുമാറിനെ മാറ്റണോയെന്ന് തീരുമാനിക്കുന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് വൈകുന്നു. സമയപരിധി കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് കൈമാറിയില്ല. ഇന്ന് വൈകിട്ടോടെ സമര്‍പ്പിക്കുമെന്നാണ് അവസാനമായി പറയുന്നത്. ഇതോടെ തിങ്കളാഴ്ചക്കുള്ളില്‍ അജിത്കുമാറിനെ മാറ്റണമെന്ന സി.പി.ഐയുടെ ആവശ്യം നടപ്പാകുമോയെന്നതില്‍ ആകാംക്ഷ.

 

ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉടന്‍ എന്ന് പറയാന്‍ തുടങ്ങിയിട്ട് ദിവസം മൂന്നായി. കാരണം മൂന്നാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു അന്വേഷണ ഉത്തരവിലെ നിര്‍ദേശം. റിപ്പോര്‍ട്ട് ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയാണ് രണ്ട് ദിവസം മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയും പങ്കുവെച്ചത്.

ഡി.ജി.പി ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലെ അഞ്ചംഗ സംഘം നാല് ദിവസമായി റിപ്പോര്‍ട്ടിന്റെ പണിപ്പുരയില്‍ തന്നെയാണ്. ഇന്നലെയും രാത്രി പത്തരവരെ യോഗം ചേര്‍ന്നെങ്കിലും പൂര്‍ത്തിയായില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം യോഗം ചേര്‍ന്ന് അന്തിമരൂപമാക്കുമെന്നാണ് പറയുന്നത്. ഒട്ടേറെ വിഷയങ്ങള്‍ അന്വേഷിക്കാനുള്ളതിനാലാണ് വൈകലെന്നും വിശദീകരണം.

 ഇന്ന് വൈകിട്ട് കൈമാറിയാലും അവധി ദിവസമായ ഞായറാഴ്ച മാത്രം അവശേഷിക്കുന്നതില്‍ നിയമസഭ സമ്മേളനത്തില്‍ ചര്‍ച്ചകളാരംഭിക്കുന്ന തിങ്കളാഴ്ചക്ക് മുന്‍പ് നടപടിയുണ്ടാകുമോയെന്ന് സംശയമാണ്. എന്നാല്‍ ഞായറാഴ്ച രാത്രിയെങ്കിലും അജിത്കുമാറിനെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങുമെന്നാണ് സി.പി.ഐയുടെ പ്രതീക്ഷ.