kothamangalam-elephant-1

കോതമംഗലത്ത് സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാനയെ ട്രാക്ക് ചെയ്തതായി സൂചന. പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്താൻ വനംവകുപ്പിന്റെയും ആര്‍.ആര്‍.ടിയുടെ നേതൃത്വത്തില്‍ തിരച്ചിൽ തുടരുകയാണ്. വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് എത്തിച്ച നാട്ടാനകൾ ഇന്നലെയാണ് ഏറ്റുമുട്ടിയത്. തടത്താവിള മണികണ്ഠൻ എന്ന ആനയുടെ കുത്തേറ്റ് പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സ്ഥിരമായി കാട്ടാനക്കൂട്ടം ഇറങ്ങുന്ന പ്രദേശമായതിനാൽ രാത്രിയിലെ തിരച്ചിൽ നിർത്തിവച്ചിരുന്നു. കാടുകയറിയ ആനയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

 

കുട്ടമ്പുഴ വനത്തോട് ചേര്‍ന്നുള്ള വടാട്ടുപാറയിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. അഞ്ച് ആനകളെ ഉള്‍പ്പെടുത്തി സംഘട്ടനരംഗത്തിന്‍റെ ചിത്രീകരണം പുരോഗമിക്കവെയാണ് സംഭവം. ചിത്രീകരണത്തിനിടെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിച്ചു. പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറി. ആനകള്‍ വിരണ്ടോടിയതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും നാട്ടുകാരും പരക്കംപാഞ്ഞു. ഇതിനിടയില്‍ പലര്‍ക്കും പരുക്കേറ്റു. ചിത്രീകരണത്തിനായി എത്തിയ ക്യാമറകള്‍ക്കടക്കം കേടുപാടുകളുണ്ട്. രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനായി അനുമതി വാങ്ങിയാണ് ആനയെ അയച്ചതെന്ന് പുതുപ്പള്ളി സാധുവിന്‍റെ ഉടമ പാപ്പാലപ്പറമ്പ് വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. 

സ്ഥിരമായി കാട്ടാനകൂട്ടം ഇറങ്ങുന്ന പ്രദേശമായതിനാല്‍ രാത്രിയിലെ തിരച്ചില്‍ അപകടകരമാണ്. നാട്ടാനയെ കൂട്ടത്തില്‍കൂട്ടാന്‍ കാട്ടാനക്കൂട്ടവും തയാറാകില്ല, ആക്രമിക്കാനുള്ള സാധ്യതയും ഏറെയാണ്. ഏറെ ആരാധകരുള്ള ആനകളിലൊന്നാണ് ആരണ്യ പ്രജാപതിയെന്ന് അറിയപ്പെടുന്ന പുതുപ്പള്ളി സാധു. 98ല്‍ ആസമില്‍ നിന്നാണ് സാധുവിനെ ഉടമ വര്‍ഗീസ് സ്വന്തമാക്കുന്നത്. അവിടെ രേഖകളിലുണ്ടായിരുന്ന അതേ പേര് തന്നെ ആനയ്ക്ക നല്‍കുകയായിരുന്നു. പേരുപോലെ തന്നെ ശാന്തപ്രകൃതക്കാരനാണ് സാധുവെന്ന കൊമ്പന്‍. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക ഉത്സവങ്ങളിലും താരസാന്നിധ്യമാണ് പുതുപ്പള്ളി സാധു. സാധു കാടിറങ്ങുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.

ENGLISH SUMMARY:

The search for the elephant which had entered the forest from the film shooting set at kothamangalam update