adgp-ajith-kumar-excluded-f

എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയപ്പോഴും കരുതല്‍. മാറ്റിയതിന്റെ കാരണം പറയാതെ മുഖ്യമന്ത്രി. സ്ഥലംമാറ്റം മാത്രമെന്ന് വാര്‍ത്താക്കുറിപ്പ്. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും വ്യക്തമാക്കിയില്ല. സര്‍വീസ് ചട്ടപ്രകാരം സ്ഥലംമാറ്റം നടപടിയല്ല. ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരായ നടപടി. ആര്‍.എസ്.എസ് നേതാക്കളുമായിയുള്ള കൂടിക്കാഴ്ചയുടെ പേരിലാണ് ഈ സ്ഥലമാറ്റം. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.

പി.വി. അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോർട്ടിലുളളത്.എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയർത്തിയത്. എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി.

‘നിയമസഭാ സമ്മേളനം എന്ന കടമ്പയുള്ളതിനാലാണ് ഇത്രയെങ്കിലും ചെയ്തത്’

ഇത് സര്‍ക്കാരിന്റെ അടവ് മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു വകുപ്പ് മാറ്റി മറ്റൊന്നില്‍ നിലനിര്‍ത്തുകയാണ് ചെയ്തത്. നിയമസഭാ സമ്മേളനം ചേരുന്നതിനാലാണ് ഇത്രയെങ്കിലും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അജിത് കുമാറിനെ മാറ്റിയതിലൂടെ സിപിഐ ആവശ്യം നിറവേറ്റപ്പെട്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ്. നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എൽഡിഎഫ് സർക്കാർ സ്വീകരിച്ചത് ഉചിതമായ തീരുമാനമാണ്. സിപിഐ ആവശ്യപ്പെട്ടത് സർക്കാർ നടപ്പാക്കി. ഇത് എൽഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവരുടെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ENGLISH SUMMARY:

The Chief Minister did not give the reason for the transfer of Ajith Kumar