കൊച്ചി മരടില്‍ സംഗീതനിശയ്ക്കിടെ ലഹരി ഉപയോഗം നടന്നെന്ന കേസില്‍ ചലച്ചിത്രതാരങ്ങളെ ചോദ്യം ചെയ്യണമെന്ന് പൊലീസ് . കേസുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് ഓംപ്രകാശ് അറസ്റ്റിലായിരുന്നു . ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ ചലച്ചിത്രതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ എത്തിയതായി പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കുപുറമേ ഇരുപതിലേറെ പേര്‍ ഓംപ്രകാശനെ സന്ദര്‍ശിച്ചെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു . ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചു.
മരടില്‍ നടന്ന അലന്‍ വോക്കര്‍ സംഗീതനിശയില്‍ ലഹരി ഉപയോഗം നടന്നെന്നാണ് പൊലീസ് കണ്ടെത്തല്‍ . പരിപാടി നടന്ന ഹോട്ടലില്‍ ഓംപ്രകാശ് താമസിച്ചിരുന്നത് ബോബി ചലപതി എന്നയാളുടെ പേരില്‍ ബുക്ക് ചെയ്ത മുറിയിലാണ്. ചലച്ചിത്രതാരങ്ങളടക്കം ഈ മുറിയിലെത്തിയവരെയെല്ലാം ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്‍റെ ആവശ്യം.
അലന്‍ വോക്കര്‍ സംഗീത ഷോയ്ക്കിടെ, കഞ്ചാവ് കൈവശം വച്ചതിന് നാല് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്കിടെ 31 പേര്‍ക്ക് മൊബൈല്‍ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ലഹരിവസ്തുക്കളുമായി പിടിയിലായ ഗുണ്ടാ നേതാവ് ഓം പ്രകാശും കൂട്ടാളിയും വന്നത് ഇതേ സംഗീതപരിപാടിക്കാണെന്നും പൊലീസിന് മൊഴി ലഭിച്ചു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
എന്നാല്‍ സംഗീതപരിപാടിക്കിടെ ലഹരി ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ച് സംഘാടകര്‍. അലന്‍ വോക്കറുടെ സംഗീതപരിപാടി നടക്കുമ്പോള്‍ വന്‍ എക്സൈസ് പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശ് പരിപാടിക്ക് വന്നിട്ടില്ല. സ്ഥലത്തുനിന്ന് കഞ്ചാവുമായി നാലുപേരെ പിടികൂടിയ കാര്യം അറിയില്ലെന്നും സംഘാടകനായ ലിജോ ജോയി മനോരമ ന്യൂസിനോട് പറഞ്ഞു.