ഓംപ്രകാശിനെതിരായ ലഹരിക്കേസില്‍ അന്വേഷണം സിനിമാ താരങ്ങളിലേക്കും. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവർ നക്ഷത്ര ഹോട്ടലിലെ ഓംപ്രകാശിന്റെ മുറിയിൽ എത്തിയതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇരുവരെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിനിമാ താരങ്ങളെ ഉടൻ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
Read Also: കൊച്ചിയിലെ ലഹരിക്കേസില്‍ സിനിമാബന്ധം; ചലച്ചിത്ര താരങ്ങള്‍ക്കെതിരെ അന്വേഷണം
ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമ താരങ്ങൾക്കെതിരെയും പരാമർശം ഉള്ളത്. ശ്രീനാഥ് ഭാസിയും, പ്രയാഗ മാർട്ടിനുമടക്കം 20 ഓളം പേർ മുറിയിലെത്തി ഓംപ്രകാശിനെ സന്ദർശിച്ചു എന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ലഹരി കേസ് പ്രതികളും കൂട്ടത്തിലുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുക്കുമ്പോൾ ഓംപ്രകാശിന്റെ മുറിയിൽ നിന്നും കൊക്കെയ്ൻ സൂക്ഷിച്ചിരുന്ന കവറും, മദ്യക്കുപ്പികളും പിടിച്ചെടുത്തിരുന്നു. അലൻ വോക്കറുടെ സംഗീതപരിപാടിയിൽ വിതരണം ചെയ്യാൻ എത്തിച്ചതായിരുന്നു ലഹരിയെന്നാണ് പ്രതികൾ പറഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു. ഇരുപ്രതികൾക്കും എതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. വീഴ്ച പറ്റിയിട്ടില്ലെന്നും, ഹോട്ടലിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയതെന്നുമാണ് പൊലീസ് നിലപാട്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരമാവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സിനിമാ താരങ്ങളുടെ പങ്ക് അന്വേഷിക്കുമെന്നും, മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വിദേശത്തുനിന്നും കൊക്കെയ്ൻ എത്തിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിതരണം ചെയ്യുന്ന സംഘമാണ് ഓംപ്രകാശിന്റേതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റൂമിലെത്തിയവർ ലഹരി ഉപയോഗിച്ചിരുന്നോ, അതോ മറ്റെന്തെങ്കിലും ഇടപാടിനാണോ എന്ന് കാര്യമാണ് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിനിമ മേഖലയിൽ നിന്നടക്കമുള്ള കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.