സംഘര്‍ഷത്തിന്‍റെ നെറുകയിലായിരുന്നു ഇന്ന് നിയമസഭ. പ്രതിപക്ഷ നേതാവും സ്പീക്കറുമായുള്ള വാക്പോര് ഒടുവില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ വന്നതോടെ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഇതിനിടെ മുഖ്യമന്ത്രിക്ക് കാവലായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചു. പ്രസംഗത്തിനിടയിലും ഇത് ശ്രദ്ധിച്ച മുഖ്യമന്ത്രി ശിവന്‍കുട്ടിയെ കയ്യില്‍ പിടിച്ച് തിരിച്ചയച്ചു.
പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രിക്ക് തുണയായി ആദ്യം എത്തിയത് പാര്‍ലമെന്‍ററികാര്യമന്ത്രി എം.ബി.രാജേഷാണ്. പ്രതിപക്ഷത്തെ എതിര്‍ത്ത് എം ബി രാജേഷ് സംസരിച്ചതിന് പിന്നാലെ വി. ശിവന്‍കുട്ടിയും എഴുന്നേറ്റു. എന്നല്‍ സ്പീക്കര്‍ അത് വിലക്കി. സഭയിലെ ബഹളത്തിനിടെയാണിതും സംഭവിച്ചത്.
പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറിയതോടെ തടയാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് അണിനിരന്നു. വാച്ച് ആന്‍ഡ് വാര്‍ഡുമായി പ്രതിപക്ഷ നേതാക്കള്‍ ഉന്തുംതള്ളുമായി. ഡയസിലേക്ക് കടക്കാന്‍ ശ്രമിച്ച മാത്യു കുഴല്‍നാടന്‍ അടക്കമുള്ളവര്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തെ നേരിടാന്‍ സജ്ജമായി ഭരണപക്ഷവും അണിനിരന്നതോടെ നേരിട്ടുള്ള സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി.
മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് അണിനിരന്ന ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഒടുവില്‍ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു ഇന്ന് സഭാനടപടികള്‍ തുടങ്ങിയത്. 49 ചോദ്യങ്ങളില്‍ നിന്ന് നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു . ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി.
ബഹളം തുടരുന്നതിനിടെ ആരാണ് പ്രതിപക്ഷ നേതാവ് എന്ന സ്പീക്കറുടെ ചോദ്യത്തില്‍ വി ഡി സതീശന്‍ ക്ഷുഭിതനായി. പിന്നാലെ ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്കരിച്ചു. നിലവാരമില്ലെന്ന് പ്രതിപക്ഷ നേതാവ് തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി.