• കോഴിക്കോട് തിരുവമ്പാടിയില്‍ KSRTC ബസ് പുഴയിലേക്ക് മറിഞ്ഞു, രണ്ടുപേര്‍ മരിച്ചു
  • ആനക്കാംപൊയില്‍– തിരുവമ്പാടി ബസ് മറിഞ്ഞത് പാലത്തിന്റെ കൈവരി തകര്‍ത്ത്
  • പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം; ആളുകള്‍ പുഴയില്‍ വീണതായി ദൃക്സാക്ഷികള്‍

കോഴിക്കോട് തിരുവമ്പാടി കാളിയാമ്പുഴ പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് വൻ അപകടം. രണ്ടുപേര്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി കമല, കണ്ടപ്പന്‍ചാല്‍ സ്വദേശി രാജേശ്വരി എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്.

അപകടത്തില്‍ 27 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍  2 പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ ആളുകള്‍ പുഴയില്‍ വീണതായി ദൃക്സാക്ഷികള്‍. എല്‍സി ജോസഫ്(70), ഖമറുന്നീസ(43), ഗ്രേസ് അന്ന(67), റോസ്‌‌ലി(71), ഷിബു മാമ്പറ്റ(49). രാജേഷ് കാഞ്ഞിരമുഴി(42), മുത്തപ്പന്‍പുഴ മനോജ് സെബാസ്റ്റ്യന്‍(48) എന്നിവര്‍ക്ക് പരുക്ക് . പുഴയില്‍ പതിച്ച ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. Read Also: 'പാലത്തിന്റെ കൈവരി തകർത്ത് ബസ് കുത്തനെ പുഴയിലേക്ക്; ആദ്യ ഡോർ വരെ വെള്ളത്തിൽ'

ബസില്‍ അന്‍പതോളം പേര്‍  ഉണ്ടായിരുന്നെന്നും ഭൂരിഭാഗം പേരെയും രക്ഷിച്ചെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്. ബസില്‍ ആരെങ്കിലും കുടുങ്ങിയോ എന്നറിയാന്‍ പരിശോധന നടത്തി. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി. ബസ് വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. വെള്ളത്തിനടിയില്‍നിന്ന് നാലുപേരെ രക്ഷിച്ചെന്നും ബോസ് ജേക്കബ് പറഞ്ഞു.

ENGLISH SUMMARY:

Two dead, several injured as KSRTC bus plunges into river in Kozhikode Thiruvambadi