ഒന്നര വര്‍ഷം മുന്‍പ് സസ്പെന്‍ഷന്‍...രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയയാളെന്ന ചീത്തപ്പേര്...ഒടുവില്‍ അഗ്നിശുദ്ധി വരുത്തി പൂര്‍വാധികം ശക്തിയോടെ രഹസ്യാന്വേഷണസേനയുടെ തലപ്പത്തേക്ക് തിരിച്ചെത്തുക. അതും സസ്പെന്‍ഷന് കാരണമായ ഉദ്യോഗസ്ഥന്റെ വീഴ്ചക്ക് പിന്നാലെ..
പത്താം ക്ളാസില്‍ തോറ്റവനെന്ന ചീത്തപ്പേരില്‍ നിന്ന് ഐ.പി.എസ് നേടിയവനെന്ന് തിരുത്തി വിളിപ്പിച്ച ജീവിത ചരിത്രമുള്ള പി.വിജയന്‍ കരിയറിലും രണ്ടാംവരവിന് ഒരുങ്ങുകയാണ്. എ.ഡി.ജി.പി M.R.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതോടെ ഇന്റലിജന്‍സ് മേധാവിയായിരുന്ന മനോജ് എബ്രഹാമിനെ ക്രമസമാധാന വിഭാഗത്തിന്റെ തലപ്പത്ത് നിയമിച്ചിരുന്നു. ഇതോടെ വന്ന ഒഴിവിലാണ് പി.വിജയനെ ഇന്റലിജന്‍സ് എ.ഡി.ജി.പിയായി സര്‍ക്കാര്‍ നിയമിച്ചത്.
Also Read: അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി; മനോജ് എബ്രഹാമിന് ചുമതല
സംസ്ഥാന പൊലീസ് മേധാവി പദവിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും കഴിഞ്ഞാല്‍ പൊലീസിലെ ഏറ്റവും നിര്‍ണായക പദവിയാണ് ഇന്റലിജന്‍സ് മേധാവി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ എല്ലാ ആഴ്ചയും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ധരിപ്പിക്കുകയും രഹസ്യങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന പദവിയില്‍ മുഖ്യമന്ത്രിക്ക് വിശ്വസ്തരായവരെയാണ് നിയമിക്കുന്നത്. അതുകൊണ്ട് തന്നെ വിജയന്റെ പുതിയ നിയമനത്തില്‍ തിരിച്ചുവരവിന്റെ നേട്ടത്തിനൊപ്പം മധുരപ്രതികാരത്തിന്റെ സന്തോഷവുമുണ്ട്.
Also Read: വീണ്ടും വരുമോ 'സൂപ്പര്‍ ഡി.ജി.പിക്കാലം' ; അജിത്കുമാറിന് തിരിച്ചുവരവുണ്ടോ?
കഷ്ടപ്പാടുകളോടും പ്രതിസന്ധികളോടും പൊരുതി നേടിയ ചരിത്രമാണ് പി.വിജയന്റേത്. കോഴിക്കോട് കുന്നമംഗലത്തിനടുത്ത് പുത്തൂര്‍മടമെന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച വിജയന്‍ പത്താം ക്ളാസില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് കൂലിപ്പണിക്ക് പോയ വിജയന്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും എഴുതി ജയിക്കുന്നത്. പിന്നീട് വെല്ലുവിളികളെ പൊരുതി തോല്‍പ്പിക്കുന്ന വിജയന്റെ ചരിത്രമാണ് കേരളം കണ്ടത്. ഇക്കണോമിക്സില്‍ എം.എയും എം.ഫിലും നേടിയ ശേഷം 31 ാം വയസില്‍ ഐ.പി.എസും.
രാജ്യത്തിന് മുന്നില്‍ കേരളത്തിന്റെ അഭിമാനമായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സൃഷ്ടാവായും ശബരിമല സന്നിധാനത്തെ ശുചിത്തത്തോടെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയിലൂടെയുമെല്ലാം ജനകീയനായ പൊലീസ് ഉദ്യോഗസ്ഥനായി വളര്‍ന്നു. എന്നാല്‍ സമീപകാലത്ത് പിണറായി സര്‍ക്കാരിന് അത്ര താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥരുടെ പട്ടികയിലായി വിജയന്റെ പേരും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ എറണാകുളം റേഞ്ച് ഐ.ജിയായിരുന്നു. നടിയെ ആക്രമിച്ച കേസിലടക്കം മേല്‍നോട്ടം വഹിച്ചു. പിന്നീട് പൊലീസ് ആസ്ഥാനത്തെ ഐ.ജിയായി മാറ്റിയ വിജയന്‍ സുപ്രധാന പദവികളിലേക്ക് തിരിച്ചെത്തിയിരുന്നില്ല.
ഒടുവില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഐ.ജിയായിരിക്കെ സസ്െപന്‍ഷനും. എലത്തൂര്‍ ട്രയിന്‍ തീവെപ്പ് കേസിലെ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരിലായിരുന്നു 2023 മെയ് 18ന് സസ്പെന്‍ഷന്‍. പി വിജയനെതിരെ പരാതി ഉന്നയിച്ചതും സസ്പെന്‍ഷന് കാരണമായ റിപ്പോര്‍ട്ട് നല്‍കിയതും എം.ആര്‍.അജിത്കുമാറായിരുന്നു. ഒടുവില്‍ അതേ അജിത്കുമാര്‍ ആരോപണ പെരുമഴയില്‍പെട്ട് പുറത്താകുമ്പോള്‍, അജിത്കുമാറിനേക്കാള്‍ നിര്‍ണായക പദവിയിലേക്ക് വിജയന്‍ മടങ്ങിയെത്തുന്നു. പൊലീസ് തലപ്പത്ത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന മധുരപ്രതികാരം.
ചീഫ് സെക്രട്ടറി രണ്ട് തവണ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടും വിജയന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ആറ് മാസത്തിന് ശേഷം 2023 നവംബറിലാണ് പിന്‍വലിച്ചത്. 2024 തുടക്കത്തില്‍ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റവും നല്‍കി. എന്നാല്‍ നിര്‍ണായകമല്ലാത്ത പൊലീസ് അക്കാഡമി ഡയറക്ടറായി ഒതുക്കി.
തലസ്ഥാനത്ത് നിര്‍ണായക പദവികളിലേക്കൊന്നും പരിഗണിച്ചിരുന്നില്ല. ഒടുവില്‍ സര്‍ക്കാര്‍ ആരോപണ പെരുമഴയും വിവാദങ്ങളുടെ കോളിളക്കവും നേരിടുമ്പോള്‍, മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ കസേരയിലേക്ക് ക്ഷണം ലഭിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ സര്‍വീസില്‍ അപൂര്‍വമായി മാത്രം ലഭിക്കാവുന്ന തിരിച്ചുവരവ്.