എഡിജിപി പി.വിജയനെതിരെ ഗുരുതര ആരോപണവുമായി എം.ആര്‍.അജിത്കുമാര്‍. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ വിജയന് പങ്കുള്ളതായി എസ്.പി സുജിത് ദാസ് അറിയിച്ചെന്ന് ഡി.ജി.പിക്ക് മൊഴി നല്‍കി. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൊഴി ഉള്‍പ്പെടുത്തിയത്. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്. സംസ്ഥാന പൊലീസിലെ ഉന്നതനായ എം.ആര്‍.അജിത്കുമാര്‍, അതേ പദവിയുള്ള പി.വിജയനെതിരെ കേട്ടാല്‍ ഞെട്ടുന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ഡി.ജി.പിയും സംഘവുമെടുത്ത രണ്ടാംഘട്ട മൊഴിയെടുപ്പിലാണ് തനിക്കെതിരായ സ്വര്‍ണക്കടത്ത് ആരോപണം പി.വിജയനെതിരെ അജിത്കുമാര്‍ തിരിച്ചടിച്ചത്. Also Read: അജിത്തിന്‍റെ വീഴ്ചയില്‍ വിജയന്‍റെ ഉയിര്‍പ്പ്; രണ്ടാംവരവില്‍ പൊലീസിലെ പി.വി
മലപ്പുറത്ത് പിടികൂടുന്ന സ്വര്‍ണത്തിന്റെ പങ്ക് അജിത്കുമാറും സുജിത്ദാസും ചേര്‍ന്ന് വീതിച്ചെടുക്കുന്നൂവെന്ന പി.വി.അന്‍വറിന്റെ ആരോപണമായിരുന്നു ചോദ്യം. ആരോപണം അജിത് നിഷേധിച്ചു. എന്നാല്‍ പി.വിജയന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഐ.ജിയായിരിക്കെ അദേഹത്തിന് കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി മലപ്പുറം എസ്.പി സുജിത് ദാസ് തന്നെ അറിയിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്കും പങ്കുണ്ട്. ഇത്തരം വിവരങ്ങള്‍ ലഭിച്ചതോടെയാണ് സ്വര്‍ണക്കടത്തിനെതിരെ നടപടി ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നാണ് അജിത്കുമാറിന്റെ മൊഴി.
ആരോപണത്തിന് അപ്പുറം തെളിവൊന്നും നല്‍കാത്തതിനാല്‍ മൊഴി രേഖപ്പെടുത്തിയത് അല്ലാതെ ഡി.ജി.പി തുടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. എലത്തൂര്‍ ട്രയിന്‍ തീവെപ്പ് കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് കുറ്റപ്പെടുത്തി രണ്ട് വര്‍ഷം മുന്‍പ് പി.വിജയനെ സസ്പെന്‍ഡ് ചെയ്യാന്‍ ചുക്കാന്‍ പിടിച്ചതും അജിത്കുമാറായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്തെന്ന ഗുരുതര ആരോപണം വിജയനെതിരെ ഉയര്‍ത്തിയിട്ടും വിജയനെ ഇന്റലിജന്‍സ് മേധാവിയായി സര്‍ക്കാര്‍ നിശ്ചയിച്ചത് അജിത്കുമാറിന്റെ ആരോപണം തള്ളിയതിന്റെ തെളിവാണ്.