ഇടതുകോട്ടയായ ചേലക്കര കാക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ യു.ആര്‍.പ്രദീപ് വരും. മുന്‍ എംപി രമ്യ ഹരിദാസാകും യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി. തിരുവില്വാമല പഞ്ചായത്തിന്‍റെ മുന്‍ വൈസ് പ്രസിഡന്‍റ് ബാലകൃഷ്ണനെയാണ് ബിജെപി പരിഗണിക്കുന്നത്.
1996 മുതല്‍ ഇടത്തോട്ട് ചാഞ്ഞ മണ്ഡലം. മുന്‍ മന്ത്രിയും എം.പിയുമായ കെ.രാധാകൃഷ്ണന് ഏറെജനപ്രീതിയുള്ള നാടാണ്. 2016ല്‍ കെ.രാധാകൃഷ്ണന്‍ ഒഴിഞ്ഞപ്പോള്‍ യു.ആര്‍.പ്രദീപ് മല്‍സരിച്ച് ജയിച്ചു. വീണ്ടും ഒരിക്കല്‍ കൂടി കെ.രാധാകൃഷ്ണന് നിയമസഭാ സീറ്റ് നല്‍കിയപ്പോള്‍ പ്രദീപ് മാറിനിന്നു. വീണ്ടും ചേലക്കരയില്‍ ആര് മല്‍സരിക്കുമെന്ന ചോദ്യത്തിന് സി.പി.എമ്മിന് ഒറ്റഉത്തരം മാത്രം യു.ആര്‍.പ്രദീപ്. കോണ്‍ഗ്രസിന്‍റെ മുമ്പിലും ഒരേയൊരു പേരു മാത്രം മുന്‍ എം.പി. : രമ്യ ഹരിദാസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര നിയോജക മണ്ഡലത്തിൽ 23695 വോട്ടിന്‍റെ ലീഡ് രമ്യാ ഹരിദാസിനായിരുന്നു. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ എൽഡിഎഫിനാണ് ലീഡ്. 5173 വോട്ട്.
1991ല്‍ എം.പി.താമിയായിരുന്നു ചേലക്കരയില്‍ നിന്ന് അവസാനം ജയിച്ച കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസിലെ കെ.കെ.ബാലകൃഷ്ണനെ മൂന്നു തവണ ജയിപ്പിച്ചിട്ടുണ്ട് ചേലക്കരക്കാര്‍. ആലത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി തിരുവില്വാമല മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാലകൃഷ്ണനെയാണ് പരിഗണിക്കുന്നത്. ജില്ലാ ഘടകം മുന്നോട്ടുവയ്ക്കുന്ന പേരും ബാലകൃഷ്ണന്‍റേതാണ്. എന്നാല്‍, ആലത്തൂര്‍ മണ്ഡലത്തില്‍ ലോക്സഭയിലേക്ക് ബി.ജെ.പി. സ്ഥാനാര്‍ഥിയായി മല്‍സരിച്ച പ്രഫസര്‍ ടി.എന്‍.സരസുവിനെ കേന്ദ്രം നേതൃത്വം പരിഗണിച്ചാല്‍ പേരുമാറും.
സുരേഷ് ഗോപിയുടെ വിജയത്തിനു ശേഷം തൃശൂര്‍ ജില്ലയില്‍ നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് എന്ന നിലയില്‍ ബി.ജെ.പിയും ശക്തി തെളിയിക്കാന്‍ ഒരുക്കം തുടങ്ങി. ചേലക്കര മണ്ഡലത്തിലെ ഒന്‍പതു പഞ്ചായത്തുകളില്‍ ആറിലും എല്‍.ഡി.എഫാണ് ഭരിക്കുന്നത്.