കാസര്‍കോട് പൈവളിഗെയില്‍ പതിനഞ്ചുകാരിയെയും അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങുന്നില്ല. അവിവാഹിതനാണ് 42കാരനായ പ്രദീപ്. ഓട്ടോ ഡ്രൈവറായിരുന്നു. മൂന്നാഴ്ച മുന്‍പാണ് ഇരുവരെയും കാണാതായത്. ഇന്നലെയാണ് പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ മരത്തിനുമുകളില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നു എന്നാണ് വിവരം. പക്ഷേ എന്തിനാണ് ഇരുവരും ജീവനൊടുക്കിയത് എന്ന് വ്യക്തമല്ല.
മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുപത് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. മൃതദേഹങ്ങള്‍ കണ്ട സ്ഥലത്ത് ചോക്ലേറ്റും കത്തിയും പൊട്ടിയ മൊബൈലും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ ഫോണുകൾ പരിശോധിച്ചാല്‍ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ALSO READ; മൃതദേഹങ്ങള്‍ക്കരികില്‍ ചോക്ലേറ്റും കത്തിയും മൊബൈലും; 15കാരിയുടെയും അയല്‍വാസിയുടെയും മരണത്തില്‍ ദുരൂഹത
പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു പ്രദീപിനുണ്ടായിരുന്നത്. അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല എന്നാണ് പെണ്‍കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നത്. കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. പ്രദീപിനെ സംശയമുണ്ടായിട്ടില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം എന്നും അമ്മ ആവശ്യപ്പെടുന്നു. ഇതിനു മുന്‍പ് നാട്ടുകാര്‍ മരിച്ച പ്രദീപിനെതിരെ സ്കൂളില്‍ പരാതി നല്‍കിയ സംഭവമുണ്ട്. പ്രദീപ് പലപ്പോഴായി പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാരുടെ ഇടപെടലുണ്ടായത്.
വിഷയത്തില്‍ ചൈല്‍ഡ് ലൈനും ഇടപെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കൂട്ടിക്കൊണ്ടു വന്ന് ഇരുവരും തമ്മില്‍ സൗഹൃദം മാത്രമാണുള്ളതെന്ന് പ്രദീപ് സ്കൂളില്‍ പറയിപ്പിച്ചു. പരാതിയും പിന്‍വലിപ്പിച്ചു. അന്ന് കൃത്യമായ നടപടി എടുത്തിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെയൊരു സംഭവം നടക്കുമായിരുന്നില്ല എന്നാണ് നാട്ടുകാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചത്. പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന പെണ്‍കുട്ടിയുടെ വീടിനടുത്താണ് എത്തിനിന്നത്. എന്നിട്ടും ആഴ്ചകളോളം മൃതദേഹം കണ്ടെത്താന്‍ വൈകിയത് പൊലീസിന്‍റെ വീഴ്ചയാണെന്ന ആരോപണവും ശക്തമാണ്.