ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് വീട് നിർമിക്കാനുള്ള നടപടികൾ പ്രതിസന്ധിയിൽ. തിരുവനന്തപുരം മാരായിമുട്ടം ഭാഗത്ത് വസ്തു തേടി പത്രപ്പരസ്യം നൽകാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
വീട് നിർമിക്കാനുള്ള സ്ഥലം വാങ്ങാൻ തദ്ദേശവകുപ്പ് അഞ്ചുലക്ഷം രൂപയ്ക്ക് അനുമതി നൽകിയെങ്കിലും ആ വിലയ്ക്ക് ഭൂമി ലഭ്യമാകാത്തതാണ് തടസ്സങ്ങള്‍ക്ക് കാരണം.
ജോയി മരിച്ച് മൂന്ന് മാസമാകുമ്പോഴും വീട് നിർമ്മിക്കാനുള്ള സ്ഥലം പോലും കണ്ടെത്താൻ കഴിയാതായതോടെയാണ് ഥലം തേടി പത്ര പരസ്യം നൽകാൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചത്. പെരുങ്കടവിള പഞ്ചായത്ത്കണ്ടെത്തിയ ആറ്സെന്റ് സ്ഥലം വെറും രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങാനായിരുന്നു തദ്ദേശ വകുപ്പിന്റെ നിർദേശം.
ഇത് സാധിക്കില്ലെന്ന് ഉറപ്പായതോടെ പിന്നീട് ധന വിനിയോഗ പരിധി അഞ്ചു ലക്ഷമായി ഉയർത്തി നൽകി തദ്ദേശവകുപ്പ് ഉത്തരവായി. എന്നാൽ മാരായിമുട്ടത്തെ സ്ഥലം വാങ്ങാൻ കുറഞ്ഞത് 7 ലക്ഷം രൂപയെങ്കിലും വേണമെന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് അഞ്ചുലക്ഷം രൂപയ്ക്ക് ലഭ്യമാകുന്ന മറ്റൊരു ഭൂമി കണ്ടെത്താൻ ജില്ലാ ഭരണകൂടം തീരുമാനിക്കുന്നത്.
വീട് നിർമിച്ച് നൽകുന്നത് കോർപറേഷനാണെങ്കിലും ഥലം കണ്ടെത്താനുള്ള ചുമതല ജില്ലാ പഞ്ചായത്തിനാണ്. ജോയിയുടെ അമ്മ ഇപ്പോൾ താമസിക്കുന്ന മാരായമുട്ടത്തെ വീട് ചോർന്നോലിക്കുന്ന സ്ഥിതിയാണ്. പത്ര പരസ്യത്തിലൂടെ സ്ഥലം കണ്ടെത്തിയാൽ മാത്രമേ, വീട് നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ കഴിയൂ.