കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിന്റ ഹൃദയമിടിപ്പ് നിലച്ചിട്ട് നാളുകളേറെ. കാത്ത് ലാബിന്റെ പ്രവര്‍ത്തനം നിലച്ചത് കാരണം, നൂറോളം രോഗികളാണ് ഹൃദയശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്.
മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനാണ് ബീച്ച് ആശുപത്രിയില്‍ 2020 ല്‍ ഹൃദ്രോഗവിഭാഗം തുടങ്ങുന്നത്. കാത്ത് ലാബ്, എക്കോ ലാബ്, ഐ സി യു, 13 കിടക്കകളുള്ള വാര്‍ഡ്. നാലുവര്‍ഷം പിന്നിടുമ്പോള്‍ ഖല്‍ബ് തകരുന്ന കാഴ്ചകളാണ് എങ്ങും.
ആദ്യം ഐ സി യുവിലേക്ക്. രണ്ടാഴ്ചയായി ഇവിടുത്ത എ സി കേടായിട്ട്. കാറ്റും വെളിച്ചവും കയറാന്‍ ജനലുകള്‍ തുറന്നിട്ടിരിക്കുന്നു. ഒന്‍പത് കിടക്കകളുള്ള ഇവിടെ ഇപ്പോഴുള്ളത് അഞ്ച് രോഗികളാണ്. ഗുരുതരാവസ്ഥയില്‍ വരുന്നവരെപ്പോലും റിസ്ക് എടുക്കാന്‍ പറ്റാത്തതുകൊണ്ട് ഡോക്ടര്‍മാര്‍ മറ്റ് ആശുപത്രികളിലേക്ക് വിടുകയാണ്. ഉപ്പുകാറ്റേറ്റ് ഉള്ളിലെ ഉപകരണങ്ങള്‍ കേടായിത്തുടങ്ങി.എക്കോ ലാബും എസിയില്ലാത്തതിനാല്‍ അടച്ചുപൂട്ടി.
ഇതുപോലെ നൂറോളം രോഗികളാണ് ആറുമാസമായി ഹൃദയ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്.അടുത്തകാലത്തൊന്നും കാത് ലാബ് തുറക്കാനുള്ള സാധ്യതയുമില്ല. കാരണം സര്‍ജിക്കല്‍ ഉപകരണവിതരണക്കാര്‍ക്ക് രണ്ടുകോടി രൂപയാണ് കൊടുക്കാനുള്ളത്. പലരും ഹൃദയം നുറുങ്ങി പറഞ്ഞിട്ടും ആരോഗ്യമന്ത്രിയോ മറ്റ് ഉദ്യോഗസ്ഥരോ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. ശേഷിക്കുന്നത് വാര്‍ഡാണ്. കാത്ത് ലാബും എസിയും ഇല്ലാത്ത സ്ഥാനത്ത് വാര്‍ഡ് മാത്രം തുറന്നിട്ട് എന്തിനെന്നാണ് ആശുപത്രിക്കാരുടേയും ചോദ്യം.
ആറുമാസം കഴിഞ്ഞിട്ടും സര്‍ക്കാരോ ആരോഗ്യമന്ത്രിയോ തിരിഞ്ഞുപോലും നോക്കാത്ത സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാണ്. സാധാരണക്കാരുടെ ജീവന് ഇത്രയേ വിലയുള്ളു.