തിരുവനന്തപുരത്ത് ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് യാത്രക്കാരന്‍റെ കാലൊടിഞ്ഞു. എയര്‍പോര്‍ട്ട് റോഡിലെ സുലൈമാന്‍ തെരുവിലാണ് അപകടമുണ്ടായത്. കണിയാപുരം അണക്കപ്പിള്ള സുല്‍ഫിക്കറി(53)നാണ് ഓട്ടോ കുഴിയില്‍ വീണതോടെ സാരമായ പരുക്കേറ്റത്.
അതിനിടെ, റോഡിലെ കുഴിയടയ്ക്കുന്നത് കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. സംസ്ഥാനത്തെ തല്ലിപ്പൊളി റോഡുകളിലൂടെ മനോരമ ന്യൂസ് നടത്തിയ കുഴിവഴി ജാഥ പര്യടനം ആരംഭിച്ച ബീമാപള്ളി –വലിയതുറ റോസ് ഉടൻ നന്നാക്കണമെന്നാണ് കമ്മിഷന്‍റെ നിര്‍ദേശം. അപകടങ്ങൾ തുടർക്കഥയാകുന്ന റോഡിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് പറഞ്ഞു.
അതേസമയം, റോഡിന്‍റെ നവീകരണത്തിന് ഭരണാനുമതിയായിട്ടുണ്ടെന്നും വേഗത്തിൽ നിർമ്മാണം തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് ഉറപ്പു നൽകി. രാഗം റഹിമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചത്.