കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എൽ.മനോജിനെതിരെ പരാതികളുമായി ഹോട്ടലുടമകൾ. മൂന്നാറിലെ രണ്ട് ഹോട്ടലുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഒരുലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് പരാതി. കൂടുതല്‍ ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ ഇടുക്കി ഡിഎംഒ ഇന്നലെയാണ് വിജിലൻസിന്റെ പിടിയിലായത്. ഇതിന് പിന്നാലെയാണ് പരാതിയുമായി കൂടുതൽ ഹോട്ടൽ ഉടമകൾ രംഗത്തെത്തിയത്. മനോജിന്‍റെ സുഹൃത്തായ മറ്റൊരു ഡോക്ടർ മുഖാന്തിരം ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ആരോഗ്യവകുപ്പിൽ ജോലിയുള്ള ഈ ഡോക്ടറും മുൻപ് രണ്ടു തവണ വിജിലൻസിന്‍റെ പിടിയിലായിട്ടുണ്ട്. കേസിൽ പെട്ടപ്പോൾ സുഹൃത്തിനെ രക്ഷിക്കാനായി മനോജ് ഇടപെട്ടെന്നും കണ്ടെത്തി.
Also Read; സഭയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം; പൂരം കലക്കലില്‍ ആര്‍എസ്എസ് നിയമനടപടിക്ക്
മനോജ് കൈക്കൂലി വാങ്ങാന്‍ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചു. ജില്ലയില്‍ ആരോഗ്യവകുപ്പിനെതിരെ അഴിമതി ആരോപണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വിജിലൻസ്. കൈക്കൂലിക്കേസിൽ പിടിയിലായ എല്‍.മനോജിനെ റിമാൻഡ് ചെയ്തു.