ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി ആയുഷ് ഷാജിയുടെയും ദേവനന്ദന്‍റെയും സംസ്കാരം നടന്നു. കുട്ടനാട്ടിലെ കാവാലത്ത് നെല്ലൂർ വീട്ടുവളപ്പിലായിരുന്നു ആയുഷിന്‍റെ സംസ്കാരം. കോട്ടയം മറ്റക്കരയിലുള്ള കുടുംബവീട്ടിലാണ് ദേവനന്ദന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്
പിതാവ് ഷാജിയുടെ കാവാലത്തെ കുടുബവീടിനോട് ചേർന്ന് മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപമാണ് ആയുഷിനും ചിതയൊരുങ്ങിയത്. ഡോക്ടറാകാൻ കൊതിച്ച മകന്‍റെ ചേതനയറ്റ ശരീരം കണ്ട് അച്ഛന്‍റെയും അമ്മയുടെയും സങ്കടം അണപൊട്ടി. ഒടുവിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം ദഹിപ്പിച്ചപ്പോൾ കണ്ടുനിന്ന സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും നെഞ്ചുവിങ്ങി.
ഇന്നലെ മുതൽ ആരംഭിച്ച പൊതുദർശനം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൂർത്തിയാക്കിയാണ് ദേവനന്ദന്‍റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയത്.. അച്ഛനും അമ്മയും സഹോദരൻ ദേവദത്തും പ്രിയപ്പെട്ടവനെ യാത്രയാക്കി..ദേവനന്ദന്റെ അനുജന്മാർ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി ചിതയ്ക്ക് തീ കൊളുത്തി. ദേവനന്ദന്‍റെയും ആയുഷിന്‍റെയും സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്