അടുത്ത വര്‍ഷത്തെ അവധികള്‍ ആഘോഷിക്കാനും യാത്രകള്‍ തീരുമാനിക്കാനും ഇപ്പോഴേ ആലോചിക്കുന്നവര്‍ക്കായി ആ സന്തോഷവാര്‍ത്ത എത്തി. 2025ലെ 18 പൊതു അവധികളുടെയും നിയന്ത്രിത അവധികളുടേയും പട്ടിക പുറത്തുവന്നു.
ഓണാവധിയുള്‍പ്പെടെ ഞായറാഴ്ച വന്നതിന്‍റെ നിരാശ ഇത്തവണ പലര്‍ക്കുമുണ്ടായിരുന്നു. അടുത്തവര്‍ഷം ആ വിഷമം പരിഹരിച്ചിട്ടുണ്ട്. കൂടുതല്‍ പൊതുഅവധികളും പ്രവൃത്തി ദിനങ്ങളില്‍ തന്നെയാണ്. ജനുവരി 2 ന് മന്നം ജയന്തി ആഘോഷിച്ചാണ് എല്ലാവര്‍ഷവും അവധികള്‍ക്ക് തുടക്കം. കലണ്ടര്‍ പ്രകാരം മാര്‍ച്ച് 31 നാണ് റംസാന്‍. ഏപ്രില്‍ 14 ന് മലയാളി വിഷു ആഘോഷിക്കും. ഏപ്രില്‍ 20 നാണ് ഈസ്റ്റര്‍. സെപ്റ്റംബര്‍ 5 ന് ഓണാഘോഷം. ഒക്ടോബര്‍ 1ന് മഹാനവമിയും ഒക്ടോബര്‍ 20ന് ദീപാവലിയും കൊണ്ടാടും.
Also Read; വനിത ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പ് കൊച്ചിയില്‍; മല്‍സരം അടുത്ത ഒക്ടോബറില്‍
റിപ്പബ്ളിക് ദിനം ഉള്‍പ്പെടെ ആറ് അവധികളാണ് അടുത്ത വര്‍ഷം ഞായറാഴ്ച വരുന്നത്. പ്രവൃത്തി ദിനങ്ങളിലാണ് 18 പൊതു അവധി ദിനങ്ങള്‍ വരുന്നത്. ഇതു കൂടാതെ നിയന്ത്രിത അവധികളും ഉണ്ട്. അപ്പോള്‍ അവധി ദിനങ്ങള്‍ നോക്കി യാത്രകളൊക്കെ ഇപ്പോഴേ സ്വപ്നം കാണാം. മുന്‍കൂട്ടി പ്ളാന്‍ ചെയ്ത് അടിപൊളിയാക്കാം.
പൊതുഅവധി ദിനങ്ങള്‍ (2025 )
മന്നം ജയന്തി – ജനുവരി 2
മഹാശിവരാത്രി – ഫെബ്രുവരി 26
ഈദുല്‍ ഫിത്ര്‍ – മാര്‍ച്ച് 31
വിഷു /അംബേദ്കര്‍ ജയന്തി –ഏപ്രില്‍14
പെസഹാ വ്യാഴം – ഏപ്രില്‍ 17
ദു:ഖവെളളി – ഏപ്രില്‍ 18
മേയ് ദിനം – മേയ് 1
ബക്രീദ് – ജൂണ്‍ 6
കര്‍ക്കിടക വാവ് – ജൂലൈ 24
സ്വാതന്ത്ര്യദിനം – ഓഗസ്റ്റ് 15
അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 28
ഒന്നാം ഓണം –സെപ്റ്റംബര്‍ 4
തിരുവോണം –സെപ്റ്റംബര്‍ 5
മൂന്നാം ഓണം –സെപ്റ്റംബര്‍ 6
മഹാനവമി –ഒക്ടോബര്‍ 1
വിജയദശമി / ഗാന്ധിജയന്തി - ഒക്ടോബര്‍ 2
ദീപാവലി –ഒക്ടോബര്‍ 20
ക്രിസ്മസ് –ഡിസംബര്‍ 25
ഞായര്‍ അവധി ദിനങ്ങള്‍ (2025 )
റിപ്പബ്ളിക് ദിനം – ജനുവരി 26
ഈസ്റ്റര്‍ – ഏപ്രില്‍ 20
മുഹറം – ജൂലൈ 6
ശ്രീനാരായണ ഗുരു ജയന്തി /നാലാം ഓണം – സെപ്റ്റംബര്‍ 7
ശ്രീകൃഷ്ണ ജയന്തി –സെപ്റ്റംബര്‍ 14
ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബര്‍ 21