കാസര്‍കോടും കണ്ണൂരുമായി അഞ്ചുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു. കാസർകോട് കാനത്തൂർ എരിഞ്ഞിപുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കളായ മൂന്നു വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ റിയാസ്, സമദ്, എരിഞ്ഞിപ്പുഴ സ്വദേശി യാസീൻ എന്നിവരാണ് മുങ്ങി മരിച്ചത്. നീന്തൽ അറിയാതെ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ പുഴയിലെ ആഴം കൂടിയ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു.  മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്കൂബ സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ . കുട്ടികളെ രക്ഷപ്പെടുത്താൻ പുഴയിൽ ചാടിയ റിയാസിന്റെ ഉമ്മയും വെള്ളത്തിൽ മുങ്ങിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ കാസർകോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂർ വള്ളിത്തോട് ചരള്‍ പുഴയില്‍ ബന്ധുവീട്ടിൽ എത്തിയ വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു. കണ്ണൂർ കുഞ്ഞിപ്പള്ളി സ്വദേശികളായ വിൻസന്റും, ആറാം ക്ലാസ് വിദ്യാർത്ഥിയുമായ ആൽബിനുമാണ് മരിച്ചത്. പുഴയിലെ ചുഴിയിൽപെട്ട ആൽബിനെ രക്ഷിക്കാൻ ഇറങ്ങിയ വിന്‍സന്റും അതേ ചുഴിയിൽ തന്നെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരാണ് ഇരുവരെയും വെള്ളത്തിൽ നിന്ന് മുങ്ങിയെടുത്തത്.  ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചേരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല