നഴ്സിങ് കൗണ്‍സില്‍ ഭരണച്ചുമതല ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി. നിലവിലുളള കൗണ്‍സില്‍ തുടരും. ചുമതല മാറ്റം മാനേജ്മെന്‍റുകളെ സഹായിക്കാനെന്ന് ആക്ഷേപമുയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം.
നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി രണ്ടു തട്ടിലാണ് ആരോഗ്യവകുപ്പും നഴ്സിങ് കൗണ്‍സിലും. തര്‍ക്കം മുറുകുന്നതിനിടെ സെപ്റ്റംബര്‍ 24ന് നിലവിലെ നഴ്സിങ് കൗണ്‍സിലിന്‍റെ കാലാവധി അവസാനിച്ചു. തൊട്ടുപിന്നാലെ കൗണ്‍സിലിനെ തന്നെ അസ്ഥിരപ്പെടുത്തി ഭരണച്ചുമതല ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി. പുതിയ ഭാരവാഹികള്‍ വരുന്നതുവരെ നിലവിലുളള കൗണ്‍സിലിന് തുടരാമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
Also Read; കൈക്കൂലി; പിടിയിലായ ഇടുക്കി DMOക്കെതിരെ കൂടുതല്‍ പരാതികള്‍
കൗണ്‍സില്‍ പരിശോധനയെ പേടിക്കുന്ന മാനേജ്മെന്‍റുകള്‍ക്ക് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനമെന്നും ആക്ഷേപമുയര്‍ന്നു. ഇടത് അനുകൂലികളായ കൗണ്‍സില്‍ അംഗങ്ങളും ശക്തമായ എതിര്‍പ്പുയര്‍ത്തി. ഒടുവില്‍ നിയമവകുപ്പിന്‍റെ ഉപദേശം തേടി.
നിലവിലെ കൗണ്‍സിലിന് തുടരാന്‍ കഴിയുമെന്ന് നിയമോപദേശം കിട്ടിയതോടെയാണ് ഭരണച്ചുമതല ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കിയത്. വോട്ടര്‍ പട്ടിക തയാറാക്കി തിരഞ്ഞെടുപ്പ് നടത്തി പുതിയ കൗണ്‍സില്‍ അംഗങ്ങള്‍ ചുമതയേല്‍ക്കുന്നതുവരെ നിലവിലെ കൗണ്‍സില്‍ ചുതമല വഹിക്കും.