അട്ടപ്പാടിയിലെ സ്കൂളുകളിൽ ആദിവാസി വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണം മുടങ്ങി. അധ്യയന വര്‍ഷം തുടങ്ങി അഞ്ച് മാസം കഴിഞ്ഞിട്ടും തടസം നീക്കാന്‍ നടപടിയില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. പട്ടികവർഗ വിദ്യാര്‍ഥികളുടെ ക്ഷേമം മുന്‍നിര്‍ത്തി പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയാണ് നിലച്ചത്.
പട്ടികവർഗ വിദ്യാർഥികളുടെ പോഷകാഹരക്കുറവ് പരിഹരിക്കുക, പഠന രംഗത്തെ ഉണർവ്, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മറികടക്കുക തുടങ്ങി ലക്ഷ്യങ്ങളേറെയായിരുന്നു. ജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു പ്രഭാത ഭക്ഷണം. അട്ടപ്പാടിയിൽ 26 സ്കൂളുകൾ പദ്ധതിയുടെ ഭാഗമാണ്. വിദൂര ഊരുകളിൽ നിന്നെത്തുന്ന ഭൂരിഭാഗം ആദിവാസി വിദ്യാർഥികള്‍ക്കും വയറെരിയാതെ പഠിക്കാനാവുമായിരുന്നു. ഊരുകളിലുണ്ടായിരുന്ന സമൂഹ അടുക്കളകൾ പലതും പ്രവര്‍ത്തിക്കാത്തതിനാല്‍ വിദ്യാർഥികൾക്ക് ഏക ആശ്രയം സ്കൂളുകളിലെ ഭക്ഷണമാണ്. പ്രഭാത ഭക്ഷണം നിലച്ചതോടെ ഉച്ചവരെ വിദ്യാർഥികള്‍ പട്ടിണിയാവുന്ന സ്ഥിതിയാണ്.
Also Read; നഴ്സിങ് കൗണ്‍സില്‍ ഭരണച്ചുമതല ആരോഗ്യ വകുപ്പിന് കൈമാറിയ നടപടി പിന്‍വലിച്ചു
'കുട്ടികള്‍ക്ക് കൃത്യമായി രാവിലെയുള്ള ഭക്ഷണം കിട്ടിയിരുന്നതാണ്. അതാണ് മുടങ്ങിയിരിക്കുന്നത്. ഇത് കുട്ടികളെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വേഗത്തില്‍ ഇതിന് പരിഹാരം കാണണം'
-എസ്.ശേഖര്‍, രക്ഷിതാവ്
മുൻ വർഷങ്ങളിൽ സ്കൂളുകളിലേക്ക് പ്രഭാത ഭക്ഷണം നൽകിയിരുന്ന സ്ഥാപനങ്ങൾക്ക് വന്‍തുക നല്‍കാനുള്ളതാണ് പ്രതിസന്ധി. ഇതോടെ പലരും വിതരണത്തില്‍ നിന്നും പിന്മാറി. ജില്ലാ പഞ്ചായത്ത് പദ്ധതിയാണെങ്കിലും വിദ്യാഭ്യാസ വകുപ്പാണ് നടപ്പിലാക്കുന്നത്.
കഴിഞ്ഞതവണത്തെ ബില്ലുകള്‍ മാറുന്നതിലുള്ള കാലതാമസമാണെന്നും വൈകാതെ പരിഹാരം കാണുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പദ്ധതി നിലച്ചതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ സമരവും തുടങ്ങിയിട്ടുണ്ട്.