എയർപോർട്ട് ഡ്യൂട്ടി ഫ്രീ മാതൃകയില്‍ വരുന്നു ബവ്കോയുടെ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകള്‍ . 750 രൂപയ്ക്ക് മുകളിലുള്ള മദ്യമാകും ശീതികരിച്ച ഔട്ട്ലെറ്റുകളിലുണ്ടാകുക. ആദ്യഘട്ടമായി ടെക്നോപാര്‍ക്, ഇന്‍ഫോപാര്‍ക്, ടൂറിസം മേഖലകളിലാകും ഔട്ട്ലെറ്റുകള്‍ വരുന്നത്.
മദ്യം നിരന്നിരിക്കും. വരിക , കയറുക ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് മടങ്ങാം , ക്യാരി ബാഗ് ഉണ്ടെങ്കില്‍ അതില്‍ കൊണ്ടു പോകാം. ഇല്ലെങ്കില്‍ പണം നല്‍കിയാല്‍ പുതിയ കാരി ബാഗും കിട്ടും. ആകെ ഒരു ലക്ഷ്വറി സെറ്റപ്പായിരിക്കും പുതിയ സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റ്. നിലവിലുള്ള പ്രീമിയം ഔട്ട്ലെറ്റുകള്‍ ലോക്കല്‍ ഔട്ട്ലെറ്റുകള്ക്കൊപ്പമാണെന്നു മാത്രമല്ല 450 രൂപ മുതലുള്ള മദ്യം കിട്ടും.
സൂപ്പര്‍ പ്രീമിയം ആദ്യഘട്ടത്തില്‍ വരിക ടെക്നോപാര്‍ക്ക് , ഇന്‍ഫോ പാര്‍ക്ക്, ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ച്. അനുയോജ്യ സ്ഥലം കിട്ടിയാല്‍ എത്രയും വേഗം ആരംഭിക്കാനാണ് തീരുമാനം. പാര്‍ക്കുകള്‍ക്കുള്ളില്‍ ക്ലബ് മാതൃകയില്‍ ബാറു വരും എന്നു സര്‍ക്കാര്‍ പറഞ്ഞിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. നടപ്പാക്കാന്‍ ആര്‍ജവമില്ലാത്തവര്‍ എന്തിനു പറഞ്ഞു എന്നചോദ്യമുന്നയിച്ച ടെക്കികള്‍ക്കുള്ള തല്‍ക്കാല ശാന്തിയാണ് പുതിയ ഔട്ട്ലെറ്റ്. പാര്‍ക്കിനകത്തു വരുന്ന ബാറില്‍ ടെക്കികള്‍ക്കു റിസര്‍വേഷന്‍ എന്നു സര്‍ക്കാര്‍ പറഞ്ഞെങ്കിലും പുറത്തു വരുന്ന പ്രീമിയം ഔട്ട്ലെറ്റില്‍ റിസര്‍വേഷന്‍ ഒന്നും ഉണ്ടാകില്ല.