ഉരുൾപൊട്ടൽ ദുരന്തം നടന്ന് മൂന്നാം മാസത്തിലേക്ക് കടക്കുമ്പോഴും ബാങ്ക് വായ്പകൾ തലയ്ക്കു മുകളിൽ നിൽക്കുന്ന ആശങ്കയിലാണ് ദുരന്ത ബാധിതർ. കടബാധ്യതകൾ എഴുതി തള്ളണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ ഇന്നലെ പരിസ്ഥിതി പ്രവർത്തക മേധാ പടുകറും അണിചേർന്നു.
മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും കടുത്ത ആശങ്കയിലാണ് ഓരോ ദുരന്തബാധിതരും. വീടു നിർമാണത്തിനും വിദ്യാഭ്യാസത്തിനും അങ്ങനെ വായ്പയെടുത്തവരെല്ലാം അതിലുൾപ്പെടും. വായ്പകൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മേപ്പാടിയിൽ ദുരന്തബാധിതർക്ക് പരസ്യമായി പ്രതിഷേധിക്കേണ്ടി വന്നു
സർവ്വതും നഷ്ടപ്പെട്ടതാണ്. വായ്പകൾ എഴുതി തള്ളാൻ പിന്നെ എന്താണ് തടസം എന്ന് ചോദിക്കുന്നുണ്ട് ഓരോരുത്തരും.
ആശങ്ക കേൾക്കാനും പ്രതിഷേധത്തിനൊപ്പം നിൽക്കാനും സാമൂഹിക പരിസ്ഥിതി പ്രവർത്തക മേധാ പട്കറെത്തി
കോർപ്പറേറ്റുകളുടെ നൂറുകണക്കിന് കോടി രൂപ എഴുതിതള്ളുന്ന ബാങ്കുകൾ ദുരന്തബാധിതരുടെ വായ്പകൾ തള്ളാൻ കൂടി തയ്യാറാകണമെന്ന് മേധാ പട്കർ .ദുരന്തത്തിനിടയിലും പല ബാങ്കുകളും പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും അവ തുടരുമെന്നതാണ് ആശങ്ക. ദുരിതം മനസിലാക്കി ബാധ്യത എഴുതി തള്ളണമെന്നാണ് ഏക ആവശ്യം....