മുണ്ടകൈ ഉരുള്‍പൊട്ടലിനിടെ രക്ഷാ പ്രവര്‍ത്തകര്‍ അല്‍ഭുതകരമായി പുറത്തെത്തിച്ച ഒരു പതിമൂന്നുകാരനെ ഓര്‍മയില്ലേ. മണ്ണില്‍ പൂണ്ടു പോയ വിദ്യാര്‍ഥിയെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അന്ന് പുറത്തെത്തിച്ചത്. വെള്ളാര്‍മല സ്കൂളിലെ ആ എട്ടാം ക്ലാസുകാരന്‍ അമല്‍ജിത്തും ഇത്തവണ സംസ്ഥാന കലോല്‍സവത്തിനെത്തുന്നുണ്ട്. ജില്ലാ കലോല്‍സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അമല്‍ജിത്തിനും സംഘത്തിനും ഹൈസ്കൂള്‍ വിഭാഗം നാടകത്തില്‍ കപ്പടിക്കുമെന്നാണ് പ്രതീക്ഷ.
കുത്തിയൊലിച്ചെത്തിയ ഉരുളില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടയാളാണ് ചൂരല്‍മലയിലെ അമല്‍ജിത്ത്. നാട്ടുകാരുടെ കരങ്ങളാല്‍ ജീവിതത്തിലേക്ക് കടന്നു വന്നതാണീ ദൃശ്യം. ഉള്ളതെല്ലാം തകര്‍ന്നെങ്കിലും അന്ന് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഏറെ നാളെടുത്തു ദുരന്തത്തിന്‍റെ നോവ് മറക്കാന്‍ ദുരന്തത്തെ അതിജീവിച്ച അമല്‍ജിത്ത് ഇന്ന് തിരക്കിലാണ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലേക്കുള്ള ഒരുക്കത്തിലാണ്. ഹൈസ്‌കൂള്‍ വിഭാഗം നാടകമാണ് ഇനം. ജില്ലാ കലോല്‍വസത്തില്‍ നാടകത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് അമല്‍ജിത്തിനെയാണ്.
വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അമല്‍ജിത്ത് നടവയലില്‍ വെച്ച് നടന്ന ജില്ലാ കലോല്‍സവത്തില്‍ കണ്ടിരുന്നവരെയെല്ലാം കരയിപ്പിച്ചിരുന്നു. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയെ ആസ്‌പതമാക്കിയായിരുന്നു നാടകം. യജമാനന്‍ ഉപേക്ഷിച്ചു പോയപ്പോള്‍ വീട്ടില്‍ കുടുങ്ങി പോയ നായയുടെ വേഷമാണ് ചെയ്‌തത്. അമല്‍ജിത്ത് ആ വേഷം തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്. സര്‍വതും തകര്‍ത്തെറിഞ്ഞ ഉരുള്‍ അമല്‍ജിത്തിന്‍റെ പ്രിയപ്പെട്ട രണ്ടു നായകളെ കൂടി കൊണ്ടു പോയിരുന്നു. ബ്ലാക്കിയും ബ്രൗണിയും.
മേപ്പാടി ഒന്നാം മൈലിലെ വാടകവീട്ടിലാണ് അമല്‍ജിത്തും കുടുംബവും കഴിയുന്നത്. ആ വാടക വീട്ടില്‍ നിന്ന് അവന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറും. 33 സഹപാഠികള്‍ നഷ്‌ടമായ വെള്ളാര്‍മല സ്‌കൂളിന് അഭിമാനമാകാന്‍. തങ്ങളുടെ അതിജീവനത്തിന്‍റെ കഥ പറയാന്‍. നാടകത്തില്‍ ഒന്നാം സ്ഥാനം നേടാന്‍.