പ്രശസ്ത നാടക– സിനിമാ ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റിരുന്ന വാസന്തി വാർധക്യസഹജമായ അസുഖങ്ങളാലടക്കം ചികിത്സയിലായിരുന്നു. സംഗീതസംവിധായകന്‍ ബാബുരാജിന്റെ ശിഷ്യയും സംഗീതസംഘത്തിലെ അംഗവുമായിരുന്നു. കെ.പി.എ.സിയുടേതടക്കം ഒട്ടേറെ വിഖ്യാത നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാടാണു ജനനം. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പാര്‍ട്ടിവേദികളില്‍ പാടിത്തുടങ്ങിയാണ് തുടക്കം. കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയില്‍ ഒന്‍പതാം വയസില്‍ വാസന്തി പാടിത്തുടങ്ങി. അന്ന് ഇ.കെ.നായനാരാണു കുഞ്ഞു വാസന്തിയെ വേദിയിലേക്ക് എടുത്തുകയറ്റിയത്. വാസന്തിയുടെ അച്ഛന്‍റെ സുഹൃത്തായിരുന്നു എം.എസ്.ബാബുരാജ്. അങ്ങിനെ ബാബുരാജിന്റെ ശിക്ഷണത്തില്‍ പാട്ടു പഠിച്ചു തുടങ്ങി.
ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിലാണ് വാസന്തി ആദ്യമായി പാടിയതെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. പിന്നാലെ രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ, പി.ഭാസ്കരന്റെ രചന നിര്‍വഹിച്ച് ബാബുരാജ് ഈണം പകർന്ന ‘തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും’, ‘ആരു ചൊല്ലിടും ആരു ചൊല്ലിടും’ എന്നീ പാട്ടുകൾ പാടി സിനിമാ രംഗത്തേക്ക്. കുട്ട്യേടത്തി, അമ്മു, ഓളവും തീരവും എന്നീ ചിത്രങ്ങളിലും പാടി. ‘പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേ’, ‘മണിമാരന്‍ തന്നത് പണമല്ല’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങള്‍. പാട്ടു മാത്രമല്ല അഭിനയവും വാസന്തിക്ക് വഴങ്ങുമായിരുന്നു. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ഉള്‍പ്പടെ ഒട്ടേറെ വിഖ്യാത നാടകങ്ങളില്‍ വാസന്തി അഭിനയിച്ചിട്ടുണ്ട്.