veena-sfio-questions

സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ നിര്‍ണായക നടപടിയുമായി എസ്.എഫ്.ഐ.ഒ. മുഖ്യമന്ത്രിയുടെ മകളും എക്സലോജിക് ഉടമയുമായ വീണാ വിജയന്‍റെ മൊഴിയാണ് എസ്.എഫ്.ഐ.ഒ കഴിഞ്ഞ ബുധനാഴ്ച രേഖപ്പെടുത്തിയത്. ചെന്നൈയിലെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുക്കല്‍. എസ്.എഫ്.ഐ.ഒ കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അതീവരഹസ്യമായാണ് എസ്.എഫ്.ഐ.ഒ മൊഴിയെടുക്കല്‍ നടത്തിയത്. 

 

അതേസമയം, കെഎസ് ഐഡിസിക്ക് ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ കെഎസ്ഐഡിസി ജനറൽ മാനേജരുടെ മൊഴി കഴിഞ്ഞ ദിവസം എസ്.എഫ്.ഐ.ഒ എടുത്തിരുന്നു.  കെഎസ്ഐഡിസിയുടെ ചീഫ് ഫിനാൻസ് ഓഫിസർ കൂടിയായ കെ.അരവിന്ദാക്ഷന്റെ മൊഴിയാണ്  രേഖപ്പെടുത്തിയത്. കെഎസ്ഐഡിസിയുടെ ഏതാനും സാമ്പത്തികവർഷങ്ങളിലെ  റിപ്പോർട്ടുകൾ അടക്കമുള്ള രേഖകളും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഹാജരാക്കിയതായാണ് വിവരം.  

തങ്ങൾക്കെതിരെ കൂടി എസ്എഫ്ഐഒ അന്വേഷണം നടത്തുന്നതിനെതിരെ നേരത്തേ കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കാനും നിർദേശിച്ചു. ഇതിനുശേഷം എസ്എഫ്ഐഒ സംഘം തിരുവനന്തപുരത്തെ കെഎസ്ഐഡിസി ആസ്ഥാനത്തെത്തി ഏതാനും രേഖകൾ ശേഖരിച്ചിരുന്നു. ചില കാര്യങ്ങളിൽ വിശദീകരണവും ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായാണു കെഎസ്ഐഡിസിയുടെ ധനകാര്യ വിഭാഗത്തിന്റെ ചുമതലക്കാരൻ എന്ന നിലയിൽ ചീഫ് ഫിനാൻസ് ഓഫിസർ രേഖകളുമായി ഹാജരായതും മൊഴി നൽകിയതും.കരിമണൽ കമ്പനിയായ സിഎംആർഎലിൽ മുൻപേയുള്ള ഓഹരി പങ്കാളിത്തം തുടരുന്നതും ബോർഡിൽ അംഗത്വമുണ്ടെന്നതും ഒഴിച്ചാൽ ദൈനംദിന ബിസിനസിൽ പങ്കില്ലെന്ന നിലപാടാണു കെഎസ്ഐഡിസി തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.

ENGLISH SUMMARY:

SFIO records Veena Vijayan's statement in CMRL-Exalogic case.