മുന്‍ ഭാര്യയെയും മകളെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുതെന്ന നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്തതിലല്ല സ്വന്തം ചോര എതിരായതിലാണ് സങ്കടമെന്ന് ബാലയുടെ പ്രതികരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മുന്‍ ഭാര്യയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയെ കൊച്ചിയിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമെ ബാല നീതി നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയായിരുന്നു കേസ്. ബാലയില്‍ നിന്ന് തനിക്കും അമ്മയ്ക്കും നേരെയുണ്ടായ മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം മകള്‍ സമൂഹാമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞു. ബാലയെ കാണാനോ സംസാരിക്കാനോ താത്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. ഇതിന് സമൂഹമാധ്യമങ്ങളിലൂടെ തന്നെ ബാലയും മറുപടി നല്‍കി. ഈ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായിരുന്നു പരാതിയും അറസ്റ്റും.
ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബാലയുടെ ജാമ്യാപേക്ഷ. തനിക്കെതിരെ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും 2019ല്‍ വിവാഹമോചനത്തോടെ തീര്‍പ്പായെന്നും നിലവില്‍ മകളുടെ സംരക്ഷണ ചുമതല തനിക്കല്ലെന്നും ബാല വാദിച്ചു. വാദങ്ങള്‍ പരിഗണിച്ച കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. ബാലയുടെ മാനേജര്‍ രാജേഷ്, ഫൗണ്ടര്‍ ഫിലിം ഫാക്ടറി പ്രതിനിധി അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്.