1200-Waves-crash-against-th

ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് റെഡ് അലർട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഒക്ടോബര്‍ 15 പുലർച്ചെ 5.30 മുതൽ ഒക്ടോബര്‍ 16 രാത്രി 11.30 വരെയാണ് മുന്നറിയിപ്പ്. 1.0 മുതൽ 2.0 മീറ്റർ വരെ ഉയരത്തില്‍ തിരമാലകളുണ്ടായേക്കാമെന്നും ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായും നിര്‍ത്തിവയ്ക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും മുന്നറിയിപ്പില്‍ പറയുന്നു. 

കേരളത്തെ കൂടാതെ തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

The National Centre for Ocean Information Services has issued a red alert for the Kerala coast due to the possibility of high waves and the phenomenon of Swell Surge (Kallakadal).