adm-protest

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വ്യാപക പ്രതിഷേധം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് യുവജനസംഘടനകള്‍ പ്രതിഷേധവുമായെത്തി. ദിവ്യയ്ക്കെതിെര പരാതി നല്‍കുമെന്ന് പത്തനംതിട്ട സിപിഎമ്മും വ്യക്തമാക്കി. കൊലയ്ക്കു തുല്യമെന്നു പ്രതികരിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പരസ്യവേദിയില്‍ എഡിഎമ്മിനെ അപമാനിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ തെരുവില്‍ പ്രതിഷേധം ഇരമ്പി. യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ച തുടങ്ങി എല്ലാവരും ദിവ്യയുടെ രാജി ആവശ്യപ്പെട്ടു. പ്രതിഷേധിച്ച ജീവനക്കാര്‍ കലക്ടറെ തടഞ്ഞുവച്ചു. കണ്ണൂരിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പത്തനംതിട്ടയിലെ സിപിഎമ്മും രംഗത്തെത്തി. ദിവ്യ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കണമെന്ന് ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍. 

Read Also: പെട്രോള്‍ പമ്പിന് എന്‍ഒസി; എഡിഎമ്മിന് 98,500 രൂപ കൈക്കൂലി കൊടുത്തു: പരാതിക്കാരന്‍

 

ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റിന്‍റെ നടപടിക്കെതിരെ പ്രതിപക്ഷവും രംഗത്ത്. കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ പി.പി. ദിവ്യക്കു നേരെ ഉയരുന്ന പ്രതിഷേധം  പാര്‍ട്ടിക്കും വലിയ തലവേദനയായി. യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ പരസ്യമായി അപമാനിച്ച കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വന്തം നാടായ പത്തനംതിട്ടയില്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് നാടിനെ നടുക്കിയ മരണം. ഇന്നലെ യാത്രയയപ്പ് യോഗത്തിലാണ് ക്ഷണമില്ലാതെ എത്തിയ ദിവ്യ, നവീന്‍ അഴിമതിക്കാരനെന്ന് ആരോപിച്ചത്. 

Read Also: വിളിക്കാതെ ചെന്നതിന് പിന്നില്‍ ഗൂഢലക്ഷ്യം; പി.പി.ദിവ്യയ്‌ക്കെതിരെ പത്തനംതിട്ട സിപിഎം

 

പത്തനംതിട്ട സ്വദേശിയായ നവീന്‍ ബാബു മൂന്നുമാസം മുന്‍പാണ് കാസര്‍കോടുനിന്ന് കണ്ണൂരിലേക്ക് സ്ഥലംമാറി എത്തിയത്. നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചുവാങ്ങി. ഇന്നലെ കണ്ണൂര്‍ കലക്ട്രേറ്റില്‍ യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ക്ഷണിക്കാത്ത അതിഥിയായി അവിടേയ്ക്ക് വന്നു. തുടര്‍ന്നാണ് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപിച്ചത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു  ആക്ഷേപം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതു പോലെ പ്രവർത്തിക്കരുതെന്നും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ പരസ്യ വിമര്‍ശനം. 

ഇന്നലെ രാത്രി പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലേക്ക് എത്തുമെന്ന് നവീന്‍ ബാബു കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബന്ധുക്കള്‍ കാത്തുനിന്നു. കാണാതിരുന്നതോടെ കണ്ണൂരില്‍ വിളിച്ച് അന്വേഷിച്ചു. കലക്ടറുടെ ഗണ്‍മാന്‍ ക്വാര്‍ട്ടേഴ്സിലെത്തി പരിശോധിച്ചപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ കമ്മീഷണര്‍ എന്നിവര്‍ സ്ഥലത്തെത്തി. പതിനൊന്നരയോടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Read Also: ‘നവീൻ നിയമപരമായി നേരിടണമായിരുന്നു , പി.പിദിവ്യക്കൊപ്പം’ ; കുറിപ്പ്

ഇടതുസംഘടനാംഗമായ നവീന്‍ ബാബുവിന്‍റേത് സിപിഎം കുടുംബമാണ്.  ഭാര്യയും മുന്‍ ഭാരവാഹി. അമ്മ മുന്‍പ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി മല്‍സരിച്ചിട്ടുമുണ്ട്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നവീന്‍ ബാബുവിന് ഏഴു മാസം മാത്രമായിരുന്നു ബാക്കി. 

എ.ഡി.എം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്നും റവന്യൂവകുപ്പില്‍ അദ്ദേഹത്തെക്കുറിച്ച് പരാതികള്‍ ഇല്ലെന്നും മന്ത്രി കെ. രാജന്‍. കലക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതായി എനിക്കറിയില്ല. ജനപ്രതിനിധികള്‍ പൊതുസ്ഥലങ്ങളില്‍ പക്വത കാണിക്കണമെന്നും പി.പി.ദിവ്യയെ ഉന്നമിട്ട്കെ.രാജന്‍ പറഞ്ഞു.