തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ 7 പ്രതികൾക്ക് ജീവപര്യന്തം. വിചാരണക്കോടതി വിട്ടയച്ച പ്രതികള്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും കീഴടങ്ങാത്ത ഒന്നാംപ്രതിക്കും ഹൈക്കോടതി ശിക്ഷ വിധിച്ചു. കേസില്‍ ലീഗ് പ്രവർത്തകരായ 8 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി മരിച്ചതിനാൽ ബാക്കിയുള്ള ഏഴ് പ്രതികൾക്കാണ് ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി വിധിച്ചത്. ഇവർ ഓരോരുത്തരും ഒരു ലക്ഷത്തി പതിനായിരം രൂപ വീതം പിഴയടക്കണം. ഇതിൽ 5 ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിനും ബാക്കിയുള്ള തുക പരുക്കേറ്റവര്‍ക്കും തുല്യമായി നൽകണമെന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, സി.പ്രദീപ് കുമാർ എന്നിവർ വിധിന്യായത്തിൽ വ്യക്തമാക്കി.
പെട്ടെന്നുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് ബോധ്യപ്പെട്ടു. അതിനാലാണ് കൊലപാതകത്തിനുള്ള കുറഞ്ഞ ശിക്ഷ നൽകുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിചാരണ കോടതി വെറുതെവിട്ട പ്രതികൾക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. വിദേശത്തുള്ള ഒന്നാംപ്രതി തെയ്യമ്പാടി ഇസ്മയിൽ ഒഴികെ കീഴടങ്ങിയ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. കീഴടങ്ങാത്ത പ്രതിയെയും ശിക്ഷിച്ചു എന്നതാണ് വിധിന്യായത്തിലെ സവിശേഷത. 9 വർഷം കാത്തിരുന്ന ദിവസം എന്നായിരുന്നു ശിക്ഷാവിധിക്ക് ശേഷം ഷിബിന്റെ പിതാവിന്‍റെ പിതാവിന്‍റെ പ്രതികരണം
2015 ജനുവരി 22നായിരുന്നു ഷിബിൻ കൊല്ലപ്പെട്ടത്. രാഷ്ട്രീയവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ–സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. ആക്രമണത്തില്‍ 6 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നു വ്യക്തമാക്കി മാറാട് പ്രത്യേക കോടതി 17 പ്രതികളെയും വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ സർക്കാരും ഷിബിന്റെ പിതാവ് ഭാസ്കരൻ, ആക്രമണത്തിൽ പരിക്കേറ്റവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.