TOPICS COVERED

കേരളത്തിലെ ഏറ്റവും ജനപ്രിയ ട്രെയിനുകളിലൊന്നായ  തിരുവനന്തപുരം–കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന്  പുതിയമുഖം.  യാത്രക്കാരുടെ ഏറെ നാളുകളായുളള മുറവിളികള്‍ക്കൊടുവിലാണ് പുതിയ കോച്ചുകളുമായി ആദ്യ യാത്ര തുടങ്ങിയത്. വായു സഞ്ചാരവും സ്ഥലസൗകര്യവും ഉള്ള ട്രെയിന്‍ കിട്ടിയതില്‍ യാത്രക്കാര്‍ സന്തുഷ്ടരാണെങ്കിലും സീറ്റുകള്‍ അത്ര സുഖകരമല്ലെന്നും പരാതിയുണ്ട്. 

ഒാടിത്തേഞ്ഞ ,അകത്ത് നിന്ന്  മഴ നനയാന്‍ വരെ സൗകര്യമുളള ജനശതാബ്ദിക്കാലം ഇനി പഴങ്കഥ. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന്  പുതിയ എൽഎച്ച്ബി കോച്ചുകള്‍ അനുവദിച്ചതോടെ യാത്രക്കാര്‍ക്ക് കോളടിച്ചിരിക്കുകയാണ്. മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ , എല്‍ ഇ ഡി ലൈറ്റുകള്‍ , നിറയെ ഫാനുകള്‍ , എസി കോച്ചില്‍ പുഷ്ബാക്ക് സീറ്റുകള്‍ , ബയോടോയ് ലറ്റ് സൗകര്യമുളള ആധുനിക വാഷ്റൂമുകള്‍ അങ്ങനെ സൗകര്യങ്ങള്‍ നിരവധി...15 സെക്കന്‍ഡ് ക്ളാസ് ചെയര്‍ കാറുകളും , മൂന്ന് എസി ചെയര്‍കാറുകളുമാണുളളത്.  

 2.50നാണ് പുതിയ കോച്ചുകളുമായുളള ആദ്യ യാത്ര തുടങ്ങിയത്. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയും വൈകാതെ പുതിയ കോച്ചുകളിലേയ്ക്ക് മാറുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്രയമായ മാവേലി , മലബാര്‍ തുടങ്ങിയ ട്രെയിനുകളിലേയും കാലപ്പഴക്കം ചെന്ന കോച്ചുകള്‍ നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. 

Jan shatabdi express with new coaches: