TOPICS COVERED

കുണ്ടന്നൂർ പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ കൊച്ചി നഗരത്തിൽ ഗതാഗതക്കുരുക്ക് തുടരുന്നു. കുണ്ടന്നൂരിൽ നിന്ന് വഴി തിരിച്ചുവിടുന്ന റോഡുകളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.  ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സർവീസ് റോഡുകളെയും ഇടറോഡുകളെയും ആശ്രയിക്കുന്നത് കാരണം ഇതുവഴിയുള്ള ഗതാഗതവും നിലച്ച മട്ടാണ്. 

സാധാരണ ദിവസങ്ങളിൽ ഓഫീസ്, സ്കൂൾ സമയങ്ങളിൽ മാത്രമായിരുന്നു കൊച്ചി നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാറ്. അറ്റകുറ്റപ്പണിക്കായി തേവര കുണ്ടന്നൂർ പാലം അടച്ചതോടെ രാവിലെ 7 മണി മുതൽ രാത്രി 9 മണിവരെയും ഗതാഗത കുരുക്ക് നീളുകയാണ്. വൈറ്റില, സഹോദരൻ അയ്യപ്പൻ റോഡ്, തേവര, തോപ്പുംപടി റോഡുകളിലാണ് തിരക്ക് കൂടുതൽ. മണിക്കൂറുകൾ വൈകിയാണ് പലരും തൊഴിലിടങ്ങളിലും സ്കൂളുകളിലും എത്തുന്നത്. രാവിലെ നഗരത്തിൽ ചാറ്റൽമഴ പെയ്തതോടെ യാത്ര ദുരിതവും കൂടി. 

 ഇന്നലെ മുതൽ പ്രധാന നിരത്തുകളിൽ തിരക്കേറിയതോടെ സർവീസ് റോഡുകളിലൂടെയും ഇടവഴികളുടെയും കടന്നുപോകാനാണ് വാഹന യാത്രക്കാരുടെ ശ്രമം. ഇത്തരം റോഡുകൾക്ക് വീതിയില്ലാത്തതിനാൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കുകൾ വീണ്ടും ഉണ്ടാവുന്നു.  മാസങ്ങൾക്ക് മുൻപ് തുടങ്ങിയ ബണ്ട് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയായിരുന്നെങ്കിൽ തൃപ്പൂണിത്തുറയിൽ നിന്ന് കൊച്ചിയിലേക്ക് പ്രവേശിക്കുന്നവർക്ക് ആശ്വാസമായേനെ. ഫോർട്ട് കൊച്ചി തോപ്പുംപടി ഭാഗങ്ങളിലേക്ക് പോകുന്നവർ അരൂർ പാത തിരഞ്ഞെടുക്കുന്നതിനാൽ കുമ്പളത്ത് ടോളും നൽകേണ്ടിവരും. തിരക്ക് മുൻകൂട്ടി കണ്ടു മെട്രോ വാട്ടർ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. 

Kundanur tevara bridge closed for maintenance: