കണ്ണൂര്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് കെ.നവീന്‍ ബാബുനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ ഉന്നയിച്ച അഴിമതി ആരോപണം തിരിഞ്ഞുകൊത്തുന്നു. നവീന്‍ എന്‍ഒസി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പറയുന്ന പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്‍റേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൈക്കൂലിയെക്കുറിച്ച് പരാതി ഉന്നയിച്ച പ്രശാന്ത് ബെനാമിയാണെന്നും ഡി.സി.സി. പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തമുണ്ട്. ഇക്കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. Also Read: പി.പി. ദിവ്യ ഉന്നയിച്ചത് വ്യാജ ആരോപണം; പരാതി നല്‍കി നവീനിന്‍റെ സഹോദരന്‍...
എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായി. പി.പി.ദിവ്യയ്ക്കും പരാതിക്കാരന്‍ പ്രശാന്തിനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്‍റെ സഹോദരന്‍ പ്രവീണ്‍ ബാബു കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതിനല്‍കി. ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്ന് പ്രതിഷേധപ്രകടനം നടത്തും.
കണ്ണൂർ കോർപ്പറേഷൻ പരിധിയിലും നവീന്‍ ബാബുവിന്‍റെ നാടായ മലയാലപ്പുഴയിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്. റവന്യുവകുപ്പ് ജീവനക്കാർ പ്രതിഷേധസൂചകമായി ഇന്ന് അവധിയെടുത്തു. നവീന്‍ ബാബുവിന്‍റെ സംസ്കാരം നാളെ മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം വിലാപയാത്രയായി പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.