adm-divya

ഒരു ജനപ്രതിനിധിയുടെ വാക്കുകള്‍ കൊണ്ട് മുറിവേറ്റ് ജീവിതം അവസാനിപ്പിച്ച കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് കണ്ണീര്‍പ്പുഴയൊഴുക്കി വിടനല്‍കി സഹപ്രവര്‍ത്തകര്‍. ഇന്നലെ വരെ ഒപ്പം ജോലി ചെയ്തവര്‍ മാത്രമല്ല, പലപ്പോഴായി ഒപ്പം പ്രവര്‍ത്തിച്ചവരും അയാളിലെ നന്മയുടെ ചൂരറിഞ്ഞവരുമെല്ലാം അവസാനമായി കണ്ടപ്പോള്‍ വിങ്ങിക്കരഞ്ഞു. പത്തനംതിട്ട മുന്‍ കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ തനിക്കൊപ്പം ഒരുപാടുകാലം പ്രവര്‍ത്തിച്ച എഡിഎമ്മിന്‍റെ മുഖം കണ്ട് വിതുമ്പിനിന്നു. സ്വന്തം കുടുംബാംഗത്തിന്‍റെ വിയോഗം പോലെ തന്നെയായിരുന്നു ദിവ്യ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും ഹൃദയത്തിനേറ്റ നടുക്കമെന്ന് ഓരോരുത്തരുടെയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം. 

adm-veena

പത്തനംകിട്ട കലക്ടറേറ്റില്‍ നൂറുകണക്കിനുപേരാണ് നവീന്‍ ബാബുവിനെ കാണാനെത്തിയത്. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, മന്ത്രിമാര്‍, സുഹൃത്തുക്കള്‍, അങ്ങനെ അയാളോടടുപ്പമുണ്ടായിരുന്നവരും പരിചയമുള്ളവരും ഇല്ലാത്തവരുമെല്ലാം ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. വാക്കുകള്‍ മുറിഞ്ഞ്... തൊണ്ടയിടറി... കണ്ണീരൊഴുക്കി നിന്ന അവര്‍ പരസ്പരം ആശ്വസിപ്പിച്ചും നിശബ്ദമായി നിശ്വസിച്ചും നവീനരികില്‍ത്തന്നെ നിന്നു. റവന്യൂമന്ത്രി കെ.രാജനും ആരോഗ്യമന്ത്രി വീണ ജോര്‍ജും ഒക്കെയുണ്ടായിരുന്നു അതേ മനസ്സോടെ. രണ്ടുദിവസമായി കണ്ണൂരിലെയും പത്തനംതിട്ടയിലെയും ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പറയുന്നത് ഒരേ വാചകമായിരുന്നു. ‘നവീന്‍ അത് ചെയ്യില്ല, അയാള്‍ സത്യമുള്ളവനായിരുന്നു, ജോലിയോട് പ്രതിബന്ധതയും ആത്മാര്‍ഥതയും ഉള്ളവനായിരുന്നു’. അതുതന്നെയാണ് കലക്ടറേറ്റില്‍ തടിച്ചുകൂടിയ ജനസഞ്ചയവും ആവര്‍ത്തിച്ചുപറഞ്ഞത്. 

adm-pta

കണ്ണൂരിലെ സെന്‍റോഫ് കഴിഞ്ഞ് ഈയാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ വന്ന് ജോലിയില്‍ പ്രവേശിച്ച് കര്‍മനിരതനാകേണ്ടിയിരുന്നയാളാണ് നവീന്‍. അതേ സ്ഥലത്ത് ഇന്ന് എത്തിയത് അദ്ദേഹത്തിന്‍റെ ജീവനറ്റ ശരീരം. ഏറെക്കാലമായി നവീന്‍റെ ആഗ്രഹമായിരുന്നു പത്തനംതിട്ടയില്‍ തിരിച്ചെത്തി ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കണം എന്നത്. അക്കാലമത്രയും കുടുംബത്തോടൊപ്പം കഴിയാമെന്ന് കരുതിയ മനുഷ്യന്‍. പക്ഷേ അപമാനം താങ്ങാനാവാതെ എല്ലാം അവസാനിപ്പിച്ച്, എല്ലാവരെയും ഉപേക്ഷിച്ച് അയാള്‍ക്ക് മടങ്ങേണ്ടിവന്നു. എന്തിന് എന്ന ചോദ്യമാണ് അവിടെയെത്തിയ ഓരോരുത്തരും ചോദിച്ചത്.

adm-staff

നവീന്‍റെ ചിത്രമുള്ള കാര്‍ഡ് ധരിച്ചാണ് മിക്കവരും എത്തിയത്. നവീന്‍  ബാബുവിനെ അറിയാവുന്ന ഒരാള്‍ക്കും അദ്ദേഹത്തെക്കുറിച്ച് ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല. സത്യസന്ധത, കാര്യപ്രാപ്തി, സ്നേഹം ഇതായിരുന്നു അവര്‍ക്കറിയാവുന്ന നവീന്‍ ബാബു. ആയിരത്തോളം ആളുകളാണ് നവീന്‍ ബാബുവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഇത്രയേറെ വികാരനിര്‍ഭരമായ യാത്രയയപ്പ് ആ നാട് അടുത്തൊന്നും കണ്ടിട്ടുമില്ല.

 
About a thousands of people came to pay their last respects to Naveen Babu:

About a thousands of people came to pay their last respects to Naveen Babu.