കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആരോപണത്തിന്റെ മുനയില്‍ നില്‍ക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ എവിടെ ?. നാടു മുഴുവന്‍ പ്രതിഷേധം ഇരമ്പുമ്പോഴും ദിവ്യ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പരിയാരം മെഡിക്കൽ കോളജിൽ ഓഫിസ് അസിസ്റ്റന്റായ ഭർത്താവ് വി.പി.അജിത്തും രണ്ടു ദിവസമായി ഓഫിസിലെത്തുന്നില്ല. ദിവ്യയെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: നെഞ്ചിലാണ് നവീന്‍...കണ്ണീരോടെ വിടചൊല്ലി ജന്‍മനാട്; തീരാ നോവ്
ഇതിനിടെ പി.പി. ദിവ്യയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന എം.വി.ഗോവിന്ദന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. ദിവ്യയ്ക്കെതിരെ നവീന്‍റെ കുടുംബം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.
യാത്രാമൊഴി ചൊല്ലി നാട്
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി ചൊല്ലി നാട്. അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് മലയാലപ്പുഴയിലെ വീട്ടിലേക്കും പത്തനംതിട്ട കലക്ട്രേറ്റിലേക്കും എത്തിച്ചേര്‍ന്നത്. അങ്ങേയറ്റം വികാരനിര്‍ഭരമായ അന്ത്യാഞ്ജലിയാണ് പ്രിയപ്പെട്ട മനുഷ്യന് നാടും സഹപ്രവര്‍ത്തകരും നല്‍കിയത്. നവീന്‍റെ മക്കളായ നിരുപമയും നിരഞ്ജനയും ചേര്‍ന്നാണ് അന്ത്യ കര്‍മങ്ങള്‍ ചെയ്തത്.
കാത്തിരിപ്പിനൊടുവില്‍ നാട്ടിലേക്ക് വരികയാണെന്ന് അറിയിച്ച നവീനെ ഉറ്റവര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി കാത്തിരുന്നുവെങ്കിലും അന്ന് നവീന്‍ എത്തിയില്ല. പകരം നാടും വീടും ഒട്ടും പ്രതീക്ഷിക്കാതെ ചേതനയറ്റ് മടങ്ങി വന്നു. ദിവ്യ എസ്.അയ്യരും പി.ബി നൂഹും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രി കെ.രാജനും വീണാ ജോര്‍ജും നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചു. ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം തുടങ്ങിയവരുമെത്തി