കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണവുമായി പമ്പ് ഉടമ ടി.വി.പ്രശാന്തന്‍ പരാതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്കെന്ന സംശയം ബലപ്പെടുന്നു. സാധാരണ ഗതിയില്‍ കൈമാറേണ്ട മാര്‍ഗത്തിലൂടെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതിപരിഹാരസെല്‍ അറിയിച്ചു. പ്രശാന്തനെതിരെ മാത്രമാണ് പരാതി ലഭിച്ചിട്ടുള്ളതെന്ന് വിജിലന്‍സും പറഞ്ഞു. എന്നാല്‍ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മൗനം തുടരുകയാണ്.

മനസാക്ഷിയെ നടുക്കിയ ആത്മഹത്യക്ക് ശേഷവും നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പറന്ന് നടക്കുന്നതാണ് ഒറ്റക്കടലാസിലെഴുതിയ ഈ പരാതി. കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നല്‍കിയതിന്റെ തെളിവായാണ് ഇടത് സൈബര്‍ പോരാളികളൊക്കെ ഉയര്‍ത്തിക്കാട്ടുന്നത്. മൂന്ന് മാര്‍ഗത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കാവുന്നത്. ഒന്ന് കത്തോ ഇമെയിലോ മുഖേനെ അയക്കാം, രണ്ട് ഓഫീസില്‍ നേരിട്ടെത്തി കൈമാറാം. ഈ രണ്ട് വഴിയില്‍ നല്‍കിയാലും അത് ആദ്യം ലഭിക്കുന്നത് പരാതി പരിഹാരസെല്ലിലാണ്. അവിടന്ന് ഫയല്‍ നമ്പരിട്ട് കൈമാറുന്നതോടെയാണ് പരാതി റജിസ്റ്ററാവുന്നത്. എന്നാല്‍ ഇങ്ങിനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് പരാതിപരിഹാരസെല്‍ അറിയിച്ചു. മൂന്നാമത്തെ മാര്‍ഗം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരും രാഷ്ട്രീയക്കാരുമായ നേതാക്കള്‍ക്ക് നേരിട്ട് നല്‍കുകയാണ്. കണ്ണൂരില്‍ നിന്നുള്ള മൂന്ന് പ്രധാനികള്‍ ഓഫീസിലുണ്ട്. പമ്പുടമയും കണ്ണൂരിലെ പാര്‍ട്ടിബന്ധുവായതിനാല്‍ അത്തരം നേതാക്കള്‍ക്ക് നേരിട്ട് കൈമാറിയോയെന്നാണ് സംശയം. പക്ഷെ മരണം നടന്ന് മൂന്ന് ദിവസമായിട്ടും പരാതി തള്ളാനോ കൊള്ളാനോ മുഖ്യമന്ത്രിയുടെ ഓഫീസ് തയാറായിട്ടില്ലാത്തതും ദുരൂഹത വര്‍ധിക്കുന്നുണ്ട്. പരാതി ലഭിച്ചാല്‍ മുഖ്യമന്ത്രി കൈമാറേണ്ടത് വിജിലന്‍സിലേക്കാണ്. എന്നാല്‍ അവിടെയും പരാതി ലഭിച്ചിട്ടില്ല. എ.ഡി.എമ്മിന്റെ മരണത്തിന് ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ പമ്പ് ഉടമ പ്രശാന്തന്‍ കൈക്കൂലി നല്‍കിയതിനെതിരെ മറ്റൊരു സ്വകാര്യവ്യക്തി നല്‍കിയ പരാതി മാത്രമാണ് ലഭിച്ചതെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന തുടങ്ങിയെന്നുമാണ് വിജിലന്‍സ് അറിയിക്കുന്നത്. ഈ വിജിലന്‍സ് പരിശോധന പ്രശാന്തന് കുരുക്കാകും. കൈക്കൂലി കൊടുത്തെന്ന് തെളിഞ്ഞാല്‍ കേസാകും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഷനാവും. കൈക്കൂലി കൊടുത്തില്ലന്ന് സമ്മതിച്ചാല്‍ വ്യാജപ്രചാരണത്തിന് വേറെ കേസുമെടുക്കും

The Chief Minister's office continues to remain silent on the complaint: