എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രശാന്തനില്‍നിന്ന് പ്രാഥമികവിവരങ്ങള്‍ ശേഖരിച്ച് വിജിലന്‍സ് . എ.ഡി.എം കൈക്കൂലി വാങ്ങിയെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും പ്രശാന്തന്‍. എ.ഡി.എമ്മുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ വിവരങ്ങളും നല്‍കി . കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിെയടുത്തത്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. പ്രശാന്തന്റെ വിശദമായ മൊഴി വിജിലന്‍സ് അടുത്തദിവസം രേഖപ്പെടുത്തും . 

Read Also: പ്രശാന്തന്റെ 2 ഒപ്പുകള്‍ തമ്മില്‍ വ്യത്യാസം; നവീനെതിരായ പരാതി വ്യാജമെന്ന് സൂചന

അതേസമയം, എഡിഎമ്മിനെതിരെ പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുകയാണ്. പരാതിയിലേയും പെട്രോള്‍ പമ്പിനായി ഉണ്ടാക്കിയ പാട്ടക്കരാറിലേയും പ്രശാന്തന്റ പേരും ഒപ്പും തമ്മില്‍ വ്യത്യാസമുണ്ട്. പാട്ടക്കരാറിന്റ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു .

ഒക്ടോബര്‍ പത്തിന് മുഖ്യമന്ത്രിക്ക് നല്‍കിയയെന്ന് പറഞ്ഞ് പ്രശാന്തന്‍ പുറത്തുവിട്ട പരാതിയുടെ പകര്‍പ്പ് പുറത്തു വന്നു. ഇതില്‍ പരാതിക്കാരന്റ പേര് പ്രശാന്തന്‍ ടി വി. ഇനി പെട്രോള്‍ പമ്പിന് ഭൂമി ഏറ്റെടുക്കുന്നതിനായി തയാറാക്കിയ പാട്ടക്കരാറിലെ പേര് നോക്കുക. ഇതില്‍ പേര്, വെറും പ്രശാന്ത്.രണ്ടിടത്തേയും ഒപ്പ് തമ്മിലും വലിയ അന്തരമുണ്ട്. പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് ‌നേരത്തെ തന്നെ സ്ഥീരീകരിച്ചിരുന്നു. ഇതുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ എഡിഎമ്മിനെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാന്‍ പ്രശാന്തന്‍ വ്യാജമായി തയാറാക്കിയതാണ് പരാതിയെന്ന് സംശയിക്കേണ്ടിവരും. പെട്രോള്‍ പമ്പിനായി ഭൂമി വിട്ടുകൊടുക്കുന്ന പള്ളിയുടെ വികാരിയോട്  എ ഡി എമ്മിനെക്കുറിച്ച് പ്രശാന്തന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ സംശയം കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. 

ഇതിനിടെ എഡിഎമ്മിന് പണം കൈമാറിയെന്ന് പ്രശാന്തന്‍ പറയുന്ന ആറാം തീയതി ഇരുവരും കണ്ടുമുട്ടുന്നതും പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിന്റ ഭാഗത്തേക്ക് ഒന്നിച്ച് നടന്നുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 12.10നാണ് ഇരുവരും കണ്ടുമുട്ടുന്നത്.12.40 ന് ലഭിച്ച രണ്ടാമത്തെ ദൃശ്യത്തില്‍ ഇരുവരും ഒന്നിച്ച് നടന്നുപോകുന്നതായുണ്ട്. പൊലീസ് ശേഖരിച്ച ഈ ദൃശ്യങ്ങള്‍ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കാനിരിക്കെ പുറത്തുവിന്നത് ദിവ്യയെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. 

ENGLISH SUMMARY:

ADM accept bribes; Evidence will be presented; Prashanthan