നാലുവർഷ ബിരുദ കോഴ്സിന്‍റെ പരീക്ഷ - സർട്ടിഫിക്കറ്റ് ഫീസുകള്‍ കുത്തനെ കൂട്ടി കാലിക്കറ്റ് സർവകലാശാല.  അറുപതിനായിരത്തിലധികം വിദ്യാർഥികളെയാണ് ഫീസ് വര്‍ധന ബാധിക്കുന്നത്. ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.  

എല്ലാ വർഷവും അഞ്ച് ശതമാനം വർധനയെന്ന തീരുമാനം കാറ്റിൽപറത്തിയാണു  സർവകലാശാലയുടെ പുതിയ ഫീസ് വർധന. 3 വർഷ ബിരുദത്തെ അപേക്ഷിച്ച് 50 മുതൽ 200 ശതമാനം വരെയാണു വർധന. തീയറിക്ക് പരീക്ഷഫീസ് 50 ല്‍ നിന്ന് 150 ആയും  ഇംപ്രൂവ്മെന്റ പരീക്ഷയുടെ ഫീസ് 95 ല്‍ നിന്ന് 250 ആയും ഉയര്‍ത്തി. ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്ക് 735 രൂപ അടച്ചിരുന്നിടത്ത് 840 രൂപയാണു പുതിയ ഫീസ്. ഉത്തരക്കടലാസിന്‍റെ പകർപ്പിന് 190 രൂപയ്ക്ക് പകരം  ഇനി 240 രൂപ അടയ്ക്കണം. 

സിൻഡിക്കറ്റ് ഉപസമിതി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഫീസ് വര്‍ധന.ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാഭ്യാസ കൗൺസിലിന്റെയും മാർഗരേഖ അനുസരിച്ചാണ് ഫീസ് വർധിപ്പിച്ചതെന്നാണ്  സർവകലാശാലയുടെ വിശദീകരണം. 

ENGLISH SUMMARY:

Calicut University hikes exam fees steeply.