ccvt-footages-of-naveen-bab

എഡിഎം നവീന്‍ ബാബുവും പ്രശാന്തനും റോഡിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. പരാതിയില്‍ പറയുന്ന ആറാംതിയതി ഉച്ചയ്ക്ക് 12.40ന് ഇരുവരും റോഡിലൂടെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിന്‍റെ ദിശയിലേക്ക് പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും കണ്ടുമുട്ടുന്നതായും ദൃശ്യങ്ങളിലുണ്ട്. പെട്രോള്‍ പമ്പിന്റെ എന്‍ഒസി ലഭിക്കാന്‍ പ്രശാന്തന്‍, നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. അതേസമയം, പണം നല്‍കിയെന്ന് ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാകില്ല.

 

പരാതിക്കാരന്‍ ബൈക്കിലും നവീന്‍ ബാബു നടന്നുമാണ് വരുന്നത്. ശേഷം കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ് റോഡില്‍വെച്ച് ഇരുവരും ഒരേ ദിശയിലേക്ക് നീങ്ങുകയായിരുന്നു. പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്റെ കൈയ്യില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ പ്രശാന്തന്‍ ആരോപിച്ചത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നാണ് പ്രശാന്തന്‍ ആരോപിച്ചത്. 

അതിനിടെ ദിവ്യ ചടങ്ങിലേക്ക് ക്ഷണിച്ചത് താനാണെന്ന ആരോപണം പരോക്ഷമായി നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍. ചടങ്ങിന്റെ സംഘാടകന്‍ താനല്ലെന്ന്  അരുണ്‍ കെ.വിജയന്‍ പ്രതികരിച്ചു. സംഘാടകരല്ലേ ക്ഷണിക്കേണ്ടതെന്ന ചോദ്യത്തിന് അതേയെന്നായിരുന്നു കലക്ടറുടെ മറുപടി. എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രോട്ടോക്കോള്‍ പ്രകാരം തടയുന്നത് ശരിയല്ലെന്നും അതിന് കഴിയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം, കുടുംബത്തിന് നല്‍കിയ കത്ത് കുറ്റസമ്മതമല്ലെന്നും അരുണ്‍ കെ.വിജയന്‍ പറഞ്ഞു.

കണ്ണൂര്‍ കലക്ടര്‍ യാത്രയയപ്പിന്റെ സമയം ബോധപൂര്‍വം മാറ്റിയത് ദിവ്യയെ പങ്കെടുപ്പിക്കാനാണെന്ന് സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനന്‍ .യാത്രയയപ്പ് വേണ്ടെന്ന് നവീന്‍ പറഞ്ഞിരുന്നതാണെന്നും  ബന്ധു കൂടിയായ മോഹനന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.