udf-ldf-campaigned-in-palak

പാലക്കാട് പ്രചാരണം കൊഴിപ്പിച്ച് യു.ഡി.എഫും എൽ.ഡി.എഫും. ആരോപണങ്ങൾക്ക്  മറുപടി പറഞ്ഞാണ്  രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും, പി.സരിന്‍റെയും ഇന്നത്തെ പ്രചാരണം. രാഹുലിനെ ചേർത്ത് പിടിച്ച് മുന്നിൽ നിന്ന് പ്രചരണം നയിക്കുകയാണ് ഷാഫി പറമ്പിൽ. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥിയുടെ കൂടെ താനുള്ളതാണ് എൽ.ഡി.എഫിന്‍റെ വിമർശനമെങ്കിൽ അവരോട് സഹതാപം മാത്രമെന്ന് ഷാഫി പറമ്പിൽ മനോരമ ന്യൂസിനോട് പറഞ്ഞു. മറ്റ് ജില്ലയിൽ നിന്നും വരുന്നവരെ സ്വീകരിക്കില്ലെന്ന ഇടത് സ്ഥാനാർഥി പി.സരിന്‍റെ ആക്ഷേപത്തിന് പാലക്കാട്ട് മല്‍സരിച്ച  നേതാക്കളുടെ പേരുകൾ എണ്ണിപ്പറഞ്ഞായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മറുപടി. കോട്ട മൈതാനിയില്‍ വോട്ടുതേടുന്നതിനിടെയാണ്  ഇരുവരും വിമർശനങ്ങളോട് പ്രതികരിച്ചത്.

ഭാവിരാഷ്ട്രീയ പ്രവര്‍ത്തനം എങ്ങിനെയെന്ന്  വ്യക്തമാക്കി കോൺഗ്രസിന് മറുപടി പറഞ്ഞാണ് പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി  സരിന്‍ ഇന്ന്  പ്രചാരണം തുടങ്ങിയത്.  ഷാഫിയും രാഹുലും തനിക്ക് മറുപടി പറയാനിറങ്ങിയാല്‍  കുടുങ്ങുമെന്ന്  സരിൻ മനോരമ ന്യൂസിനോട്. മറുപടി പറഞ്ഞാൽ വോട്ട് നഷ്ടപ്പെടുമെന്ന് ഇരുവർക്കും അറിയാം. കോൺഗ്രസിന്‍റെ രാഷ്ട്രീയത്തെ ഈ തിരഞ്ഞെടുപ്പിൽ തുറന്നു കാട്ടും. വരും ദിവസങ്ങളിൽ വലിയ കഥകൾ ചർച്ചയ്ക്ക് എടുക്കാനുണ്ട്. സി.പി.എം പാലക്കാട് മൂന്നാം സ്ഥാനത്ത് എന്ന ദുഷ്പേര് മാറ്റുമെന്നും സരിൻ വ്യക്തമാക്കി.

സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് സന്ദർശിച്ച് ഇന്ന് പ്രചാരണം തുടങ്ങിയ സരിൻ പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കലിനെയും സന്ദർശിച്ചു. എരിയ സെക്രട്ടറിയടക്കമുള്ളര്‍ സരിനൊപ്പമുണ്ടായിരുന്നു. ജനങ്ങള്‍ക്കൊപ്പമുള്ളയാള്‍ ജനപ്രതിനിധിയാകണമെന്ന് ബിഷപ് പറഞ്ഞത് തനിക്കുളള അംഗീകാരമായി കാണുന്നുവെന്ന് സരിന്‍ പറഞ്ഞു. ബിഷപ് ഹൗസില്‍നിന്നാണ് ഒൗദ്യോഗികമായി തന്‍റെ പ്രചാരണം തുടങ്ങുന്നതെന്നും സരിന്‍ പറഞ്ഞു. വരും ദിവസങ്ങളിൽ വാഹന പ്രചാരണ ജാഥയും കൺവൻഷനുകളും ഒരുക്കിയാവും യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും  പ്രചാരണം.

ENGLISH SUMMARY:

UDF and LDF campaign in Palakkad